വിമാനത്താവളം പേരാവൂർ ബൈപ്പാസ് റോഡ്; പഞ്ചായത്ത് വിളിച്ച സംയുക്ത യോഗം തീരുമാനമായില്ല
പേരാവൂർ: കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള മാനന്തവാടി- പേരാവൂർ -മട്ടന്നൂർ നാലുവരിപ്പാതയുമായി ബന്ധപ്പെട്ട് പേരാവൂർ പഞ്ചായത്ത് വിളിച്ച സംയുക്ത യോഗത്തിൽ ഏക അഭിപ്രായമുണ്ടായില്ല. ഒരു വിഭാഗം ടൗൺ വഴി വേണമെന്ന് ആവശ്യപെട്ടപ്പോൾ ഒരു വിഭാഗം ബൈപാസിനായി വാദിച്ചു. യോഗത്തിൽ സംബന്ധിച്ച കോൺഗ്രസ്,മുസ്ലിം ലീഗ്,ബി.ജെ.പി,സി.പി.ഐ കക്ഷികളും വ്യാപാരി വ്യവസായി സമിതി,ഏകോപന സമിതി (ഹസൻ കോയ) വിഭാഗവും അംഗീകരിച്ചില്ല.
എന്നാൽ,സി.പി.എം, ജനതാദൾ , കേരള കോൺഗ്രസ് (ജെ) ,ഐ.എൻ.ടി.യു.സി, എസ്.ഡി.പി.ഐ.കക്ഷികളും വ്യാപാരി വ്യവസായി ഏകോപന സമിതിയും ടൗൺ ഒഴിവാക്കിബൈപ്പാസ് വേണമെന്നാണ് ആവശ്യപ്പെട്ടത്.
കോൺഗ്രസ് ജില്ലാ സെക്രട്ടറി പൊയിൽ മുഹമ്മദ്,മണ്ഡലം പ്രസിഡന്റ് ജോൺസൺ ജോസഫ് എന്നിവർ ടൗൺ വഴി തന്നെ റോഡ് വീതികൂട്ടി നാലുവരിപ്പാത വേണമെന്ന് ആവശ്യപ്പെട്ടു.എന്നാൽ,ചെവിടിക്കുന്നിൽ നിന്ന് ഇടത് ഭാഗത്തൂടെ കടത്തി വിട്ട് പേരാവൂർ പോലീസ് സ്റ്റേഷനു സമീപമെത്തിച്ച് മാലൂർ റോഡുമായി പാത ബന്ധിപ്പിക്കണമെന്നാണ് പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ജൂബിലി ചാക്കോയുടെ ആവശ്യം.
ലീഗ് നേതാവും ടൗൺ വാർഡ് മെമ്പറുമായ സിറാജ് പൂക്കോത്തും അരയാക്കൂൽ ഇബ്രാഹിമും പാത പേരാവൂർ ടൗൺ വഴി തന്നെ വേണമെന്ന് ആവശ്യപ്പെട്ടു.വ്യാപാരി സമിതിയുടെ കോലത്താടൻ ബാലകൃഷ്ണനും ഏകോപന സമിതിയുടെ (ഹസൻ കോയ) കെ.ഹരിദാസും ബി.ജെ.പിയുടെ ടി.എസ്.ഷിനോജും സി.പി.ഐയുടെ എം.സുകേഷും രാധാകൃഷ്ണനും പാത ടൗൺ വഴി വേണമെന്നാണ് ആവശ്യപ്പെട്ടത്.
കെ.ശശീന്ദ്രൻ(സി.പി.എം) ,എ.കെ.ഇബ്രാഹിം(ജനതാദൾ),പി.എസ്.മാത്യു(കേരള കോൺഗ്രസ്),പൂക്കോത്ത് അബൂബക്കർ(ഐ.എൻ.ടി.യു.സി),ബി.കെ.ഷിഹാബ്(എസ്.ഡി.പി.ഐ),പി.പുരുഷോത്തമൻ(ഏകോപന സമിതി)എന്നിവർ ബൈപ്പാസ് റോഡ് തന്നെ വേണമെന്നും പേരാവൂർ ടൗൺ സമീപത്തൂടെയാക്കാൻ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം,ബൈപ്പാസ് റോഡുമായി ബന്ധപ്പെട്ട് അംഗങ്ങൾക്കിടയിൽ വിരുദ്ധ അഭിപ്രായങ്ങൾ ഉള്ളതിനാൽ സംയുക്ത യോഗത്തിന്റെ അന്തിമ തീരുമാനം അംഗീകരിക്കുമെന്ന് ചേംബർ ഓഫ് പേരാവൂർ പ്രസിഡന്റ് കെ.എം.ബഷീർ പറഞ്ഞു.
സംയുക്ത യോഗത്തിലെ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് ബന്ധപ്പെട്ട അധികൃതർക്ക് സമർപ്പിക്കുമെന്ന് പഞ്ചായത്തധികൃതർ വ്യക്തമാക്കി.പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയി അധ്യക്ഷത വഹിച്ചു.വൈസ്.പ്രസിഡന്റ് വി.ബാബു,ബ്ലോക്ക് വൈസ്.പ്രസിഡന്റ് വി.ഷാജി,വി.ഗീത,എസ്.എം.കെ.മുഹമ്മദലി എന്നിവർ സംസാരിച്ചു
0 Comments