കാപ്പിക്ക് വില കുറഞ്ഞു; ഇഞ്ചി തിരിച്ചുകയറുന്നു, കുരുമുളക് വിപണി ക്ഷീണത്തില്‍ത്തന്നെ

പുതിയ ഇഞ്ചിക്ക് കഴിഞ്ഞ ദിവസങ്ങളില്‍ 1700 രൂപയായി കുറഞ്ഞത് വളരെ വേഗം തിരിച്ചുകയറുന്നു. പഴയ ഇഞ്ചിക്ക് 11,000 രൂപ വരെ വില ലഭിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് പുതിയ ഇഞ്ചിവില 3000 രൂപയില്‍നിന്ന് ഇടിഞ്ഞത്. രോഗം ബാധിച്ച ഇഞ്ചി വിളവെടുക്കാന്‍ കര്‍ഷകര്‍ തിടുക്കം കാട്ടിയതോടെ വിപണിയില്‍ വില്‍പ്പനസമ്മര്‍ദം ഏറിയതാണ് പുതിയ ഇഞ്ചിയുടെ വില പിന്നോട്ടുവലിച്ചത്.

പഴയ ഇഞ്ചിക്ക് കര്‍ണാടകത്തില്‍ ഇപ്പോഴും 8000 രൂപയ്ക്കുമേല്‍ വിലയുണ്ട്. ഇഞ്ചി വിലയില്‍ കാര്യമായ കുറവ് വന്നിട്ടില്ലെന്നതിന് ഇത് വ്യക്തമായ സൂചനയാണ്. ഉത്തരേന്ത്യയില്‍ ഉത്സവ സീസണ്‍ തുടങ്ങിയതോടെ ഇഞ്ചിയുടെ ചില്ലറവില്‍പ്പനയില്‍ വീണ്ടും വര്‍ധനയുണ്ടാവുകയും ഇവിടെ വിളവെടുപ്പ് കുറയുകയും ചെയ്തതാണ് പുതിയ ഇഞ്ചിയുടെ വില പെട്ടെന്ന് ഉയര്‍ന്ന് 2500 രൂപയിലെത്താനുള്ള പ്രധാന കാരണം.വയനാട്ടില്‍ ഇഞ്ചിക്കൃഷി നാമമാത്രമാണെങ്കിലും പുതിയ ഇഞ്ചിക്ക് ഇവിടെ 2200 രൂപവരെ വിലയുണ്ട്. ദീപാവലിക്ക് ദിവസങ്ങള്‍മാത്രം ശേഷിക്കേ ഇഞ്ചി വിപണി വളരെ വേഗം കരുത്താര്‍ജിക്കുമെന്ന കണക്കുകൂട്ടലിലാണ് കര്‍ഷകര്‍. ഒക്ടോബര്‍ പകുതിയോടെ മൂത്തുപാകമായ ഇഞ്ചി വിപണിയിലെത്താന്‍ തുടങ്ങും. ദൂരദിക്കുകളിലേക്ക് കയറ്റി അയക്കുമ്ബോള്‍ രോഗ-കീട ബാധകള്‍മൂലം ചീത്തയായിപ്പോകുന്നതിലൂടെ വ്യാപാരികള്‍ക്കുണ്ടായിക്കൊണ്ടിരുന്ന നഷ്ടം ഇതോടെ തീര്‍ത്തും ഇല്ലാതാകും. അതുകൊണ്ടുതന്നെ ഇനിമുതല്‍ വിപണിയില്‍ പഴയ/പുതിയ വ്യത്യാസമില്ലാതെ ഇഞ്ചി വിറ്റഴിക്കാന്‍ വഴിയൊരുങ്ങും. ഇതോടൊപ്പം വിലയും ഏകീകരിക്കപ്പെടും.

ഇഞ്ചിക്ക് ക്ഷാമം നേരിട്ടേക്കുമെന്ന് പൊതുവേ വിലയിരുത്തപ്പെടുന്ന ഈ വര്‍ഷം വിലയില്‍ ഇനിയും കാര്യമായ മുന്നേറ്റത്തിന് തന്നെയാണ് സാധ്യത. പുറംനാടുകളില്‍ ഇഞ്ചിക്കൃഷി ചെയ്യുന്ന നൂറുകണക്കിന് മലയാളികളിലൂടെ ഇതുവഴി സംസ്ഥാനത്തിനും നേട്ടമുണ്ടാകും.
കുരുമുളക് ദയനീയാവസ്ഥയില്‍
പുറമേനിന്ന്‌ ആവശ്യക്കാര്‍ എത്താതായതോടെ കുരുമുളകുവില ദയനീയ അവസ്ഥയില്‍ തുടരുകയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്ബുവരെ 32,500 രൂപ ലഭിച്ചിരുന്നിടത്തുനിന്നാണ് ഒറ്റയടിക്ക് 30,000 രൂപയായി കുറഞ്ഞത്. ഇറക്കുമതി ഭീഷണികള്‍ നിലനില്‍ക്കേ കുരുമുളക് വിലയില്‍ പെട്ടെന്നുള്ള ഉയര്‍ച്ചയ്ക്ക് സാധ്യത വിരളമാണ്. 2015 മുതല്‍ 2017 വരെയുള്ള മൂന്ന് സീസണില്‍ ശരാശരി 65,000 രൂപ വില ലഭിച്ചിരുന്നു. ഇവിടന്നാണ്, ഉത്പാദനം ഞെട്ടിപ്പിക്കുന്ന അളവില്‍ കുറഞ്ഞുവരുന്ന അവസ്ഥയില്‍പ്പോലും വിലയിലെ ഈ തകര്‍ച്ചയെന്നത് ശ്രദ്ധേയമാണ്.