കേളകം പഞ്ചായത്ത് ഗ്രന്ഥശാല പ്രവർത്തക സംഗമം

കേളകം: കൊട്ടിയൂർ – കേളകം പഞ്ചായത്ത് ഗ്രന്ഥശാല പ്രവർത്തക സംഗമം കേളകം ഇ എം എസ് സ്മാരക ഗ്രന്ഥാലയത്തിൽ വെച്ച് നടന്നു.എൽ.പി സ്കൂൾ മുതൽ കോളേജ് തലം വരെയുള്ള വായനാമത്സരം, വനിതകൾക്ക് പ്രത്യേകം വായന മത്സരം, ബാലോത്സവം, സെമിനാറുകൾ, ചർച്ചകൾ, പുസ്തക നിരൂപണങ്ങൾ, ബാലവേദി, യുവജനവേദി വനിതാവേദി, വയോജനവേദി എല്ലാമായി ഇന്ന് ഗ്രന്ഥാലയങ്ങൾ സജീവമാണ്. ഇതോടൊപ്പം ഏറെ മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്ക് യുവതലമുറയെ സജ്ജരാക്കുവാനാണ് കൊട്ടിയൂർ – കേളകം പഞ്ചായത്തിലെ ആറ് ഗ്രന്ഥാലയങ്ങളുടെ നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ഇ എം എസ് സ്മാരക ഗ്രന്ഥാലയത്തിൽ പ്രവർത്തക സംഗമം നടന്നത്. ലൈബ്രറി ഹാളിൽ നടന്ന പ്രവർത്തക സംഗമത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ കൗൺസിലർ ബേബി കുരുടികുളം അദ്ധ്യക്ഷത വഹിച്ചു.കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.ബൈജു ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യ പ്രഭാഷണം നടത്തി. നേതൃസമിതി കൺവീനർ സി.എ.രാജപ്പൻ മാസ്റ്റർ, ഇ എം എസ് സ്മാരക ഗ്രന്ഥാലയം സെക്രട്ടറി എസ്.ടി.രാജേന്ദ്രൻ മാസ്റ്റർ, പാറത്തോട് ഗ്രാമീണ വായനശാല ലൈബ്രേറിയൻ ഏലിയാസ് കെ.ഐ.തുടങ്ങിയവർ പ്രസംഗിച്ചു.