മഴ ചതിക്കുമോ? പോളിംഗ് ശതമാനം ഉയര്‍ത്താന്‍ തിരക്കിട്ട ശ്രമവുമായി മുന്നണികള്‍
കാസർക്കോട്: എന്നും വോട്ട് ചെയ്യാന്‍ മടി കാണിക്കുന്ന തുളുനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്ബോള്‍ മുന്നണികളെ ആശങ്കയിലാഴ്ത്തി ഇടവിട്ട് പെയ്യുന്ന മഴയും. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിംഗ് നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വടക്കേയറ്റത്തുള്ള മഞ്ചേശ്വരം നിയോജയകമണ്ഡലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 76.33 ശതമാനമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. സംസ്ഥാന ശരാശരിയായ 77.35 നേക്കാള്‍ ഒരു ശതമാനത്തിലേറെ കുറവ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും സ്ഥിതി മറ്റൊന്നായിരുന്നില്ല. 75.87 ശതമാനം മാത്രമായിരുന്നു പോളിംഗ്.
സ്ത്രീകള്‍ ബൂത്തിലെത്താന്‍ മടിക്കുന്നുവെന്നതാണ് പോളിംഗ് കുറയാനുള്ള പ്രധാന കാരണം. പോളിംഗ് ശതമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ത്രീ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പല മര്‍ഗങ്ങളും പരീക്ഷിച്ചുവെങ്കിലും ഇതുവരെ ഗുണം ചെയ്തിട്ടില്ല. കാസര്‍കോട് ജില്ലയില്‍ ഇടവിട്ട് പെയ്യുന്ന മഴയും പോളിംഗ് ശതമാനം കുറയ്ക്കുമോ എന്ന ആശങ്കയിലാണ് നേതാക്കള്‍.
സിറ്റിംഗ് സീറ്റ് കൈവിടാതിരിക്കാന്‍ യുഡിഎഫും കഴിഞ്ഞ തവണ 89 എന്ന മാന്ത്രിക സംഖ്യ വരെ എത്തിയത് കൈപ്പിടിയിലൊതുക്കാന്‍ ബിജെപിയും പിടിച്ചെടുക്കാന്‍ എല്‍ഡിഎഫും ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. പ്രചരണത്തില്‍ ഒപ്പത്തോടൊപ്പം നിന്ന മുന്നണികള്‍ പോളിംഗ് ദിവസം വോട്ടര്‍മാരെ എങ്ങനെയെങ്കിലും ബൂത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്.
യുഡിഎഫ് സ്ഥാനാര്‍ഥി എംസി ഖമറുദ്ദീനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ശങ്കര്‍ റൈയും എന്‍ഡിഎ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാറുമാണ് തുളുനാട് പിടിക്കാനിറങ്ങിയിരിക്കുന്നത്. കൂടാതെ സ്വതന്ത്രരുള്‍പ്പെടെ ഏഴുപേര്‍ മത്സരരംഗത്തുണ്ട്. ഇതില്‍ ഒരാള്‍ യുഡിഎഫ് സഥാനാര്‍ഥി എം സി ഖമറുദ്ദീന്റെ അപരനാണ്.
ത്രികോണ മത്സരത്തിന് ഏറെ സാധ്യത കല്‍പ്പിക്കുന്ന മണ്ഡലം കൂടിയാണ് മഞ്ചേശ്വരം. ബിജെപിക്ക് കേരള നിയമസഭയിലെത്താന്‍ ഏറെ പ്രതീക്ഷയുള്ള മണ്ഡലം കൂടിയാണിത്. അത് കൊണ്ട് തന്നെ സംസ്ഥാന - ദേശീയ ശ്രദ്ധ നേടിയ ഉപതെരഞ്ഞെടുപ്പാണ് മഞ്ചേശ്വരത്തേത്. എംഎല്‍എയായിരുന്ന മുസ്ലിം ലീഗിലെ പി ബി അബ്ദുര്‍ റസാഖ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും ചിട്ടയായ തെരഞ്ഞെടുപ്പു പ്രചാരണവും ആസൂത്രണവും യുഡിഎഫ് ക്യാമ്ബുകളില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. 52 ശതമാനം ന്യൂനപക്ഷ വോട്ടുകളുള്ള മണ്ഡലത്തില്‍ പോളിംഗ് ശതമാനം ഉയരുന്നത് യുഡിഎഫിനെയായിരിക്കും കൂടുതല്‍ ഗുണം ചെയ്യുക. പ്രചരണത്തില്‍ ലീഗിനോടൊപ്പം കോണ്‍ഗ്രസും ശക്തമായ പ്രവര്‍ത്തനവുമായി കൂടെയുണ്ടായതും പ്രചരണത്തിലെ സ്വീകാര്യതയും ഭൂരിപക്ഷം വര്‍ധിപ്പിക്കാമെന്ന കണക്കുകൂട്ടിലാണ് നേതൃത്വം.
നാട്ടുകാരനും എല്ലാവര്‍ക്കും സ്വീകാര്യനുമായ സ്ഥാനാര്‍ത്ഥിയെ ഇറക്കിയതിനാല്‍ ന്യൂനപക്ഷവോട്ടുകളും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷ സിപിഎമ്മിനുണ്ട്. മാത്രമല്ല, യക്ഷഗാന രംഗത്തും തുളു സാംസ്‌കാരിക രംഗത്തും ക്ഷേത്ര പരിപാലനത്തിലുമെല്ലാം സജീവമായ ശങ്കര്‍ റൈയ്ക്ക് ഒരു വിഭാഗം ബിജെപി വോട്ടുകളും ലഭിക്കുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. ബാഡൂര്‍ സ്‌കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച ശങ്കര്‍ റൈയ വലിയ ശിശ്യഗണത്തിനുടമയാണ്. തികഞ്ഞ ഭക്തനും കൂടിയാണ്. നാട്ടുകാരന്‍ തന്നെയായതിനാല്‍ വ്യക്തിബന്ധവുമുണ്ട്. തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ മൂന്നാംസ്ഥാനത്തേക്ക് പോകുന്ന എല്‍ഡിഎഫ് ഇത്തവണ മികച്ച മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ലീഗിലും ബിജെപിയിലും ഉണ്ടായ അനിശ്ചിതത്വവും പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ പ്രതിഷേധവുമെല്ലാം തങ്ങള്‍ക്കനുകൂലമാണെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പറയുന്നത്.
അതേസമയം കഴിഞ്ഞ തവണ 89 വോട്ടിന് നഷ്ടപ്പെട്ട മണ്ഡലം ഇത്തവണ എങ്ങനെയെങ്കിലും പിടിക്കണമെന്നാണ് ബിജെപി കരുതുന്നത്. അതിനുള്ള ശക്തമായ പ്രവര്‍ത്തനമാണ് വര്‍ നടത്തുന്നത്. പ്രവര്‍ത്തനം ഏകോപിപിക്കാനായി മംഗളൂരുവില്‍ നിന്നുള്ള ആര്‍എസ്‌എസ് ടീം തന്നെ മണ്ഡലത്തില്‍ ക്യാമ്ബ് ചെയ്തിരുന്നു. മണ്ഡലത്തിലെ കൂടുതല്‍ ബൂത്തുകളിലും ഒന്നാമതെത്തുമ്ബോഴും മണ്ഡലം കൈവിട്ടുപോകുന്നതിന് ഇത്തവണയെങ്കിലും തടയിടാനാകുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
1,06,928 സ്ത്രീ വോട്ടര്‍മാരും 1,07,851 പുരുഷവോട്ടര്‍മാരുമടക്കം 198 പോളിംഗ് ബൂത്തുകളിലായി 2,14,779 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. സുരക്ഷയ്ക്കായി കനത്ത പോലിസ് സംവിധാനത്തെയാണ് നിയോഗിച്ചിട്ടുള്ളത്. 49 സായുധ പോലിസും മണ്ഡലത്തിലുണ്ടാകും. മുഖാവരണം ധരിച്ചെത്തുന്നവരെ തിരിച്ചറിയാന്‍ ഓരോ ബൂത്തുകളിലും വനിതാ പോളിംഗ് അസിസ്റ്റന്റുമാരെയും നിയോഗിച്ചിട്ടുണ്ട്.മുഴുവന്‍ ബൂത്തുകളിലും വോട്ടെടുപ്പ് വിഡിയോയില്‍ പകര്‍ത്തും. വോട്ടെടുപ്പ് ഏഴ് മണിക്ക് തന്നെ ആരംഭിച്ചു. 11.40 വരെ 27.49 ശതമാനം പോളിംഗ് രേഖപ്പെടത്തിയിട്ടുണ്ട്.
0 Comments