കേളകം രാമച്ചി പട്ടിക വര്‍ഗ കോളനിയുടെ സമഗ്ര പുരോഗതിക്ക് പദ്ധതി തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥർക് നിർദ്ദേശം നൽകി

കേളകം രാമച്ചി പട്ടിക വര്‍ഗ കോളനിയുടെ സമഗ്ര പുരോഗതിക്ക് പദ്ധതി തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനു മുന്നോടിയായി കോളനിയിലെ ഓരോ വീട്ടിലെയും സാമ്പത്തിക-ആരോഗ്യ-വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ നേരിട്ട് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടികജാതി വികസന വകുപ്പിനെ ചുമതലപ്പെടുത്തി. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കോളനി നിവാസികളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിന് ഓരോ വീട്ടിലും അധിക വരുമാന മാര്‍ഗം എന്ന നിലയില്‍ തയ്യല്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ സംരംഭത്തിന് അവസരമൊരുക്കും. ആവശ്യമായ തയ്യല്‍ യന്ത്രങ്ങള്‍ പട്ടികവര്‍ഗ വികസന വകുപ്പ് ലഭ്യമാക്കും. കോളനിയിലെ താല്‍പര്യമുള്ളവര്‍ക്ക് കുടുംബശ്രീ തുന്നല്‍ പരിശീലനത്തിന് സൗകര്യമൊരുക്കും.
റോഡ് സംവിധാനം ഇല്ലാത്തതിനാല്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിനും ചികില്‍സ, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മറ്റ് ആവശ്യങ്ങള്‍ക്കും കോളനിയിലുള്ളവര്‍ക്ക് തൊട്ടടുത്ത പട്ടണത്തിലെത്താന്‍ ഏറെ ബുദ്ധിമുട്ടാണെന്ന് കോളനിയില്‍ നടന്ന യോഗത്തില്‍ പരാതി ഉയര്‍ന്നു. വനം വകുപ്പുമായി ആലോചിച്ച് ഇക്കാര്യത്തില്‍ സാധ്യമായ പരിഹാര മാര്‍ഗങ്ങള്‍ ആരായുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കി. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അതിനുള്ള സൗകര്യമൊരുക്കും. റേഷന്‍ കടകളില്‍ ചെന്ന് സാധനങ്ങള്‍ വാങ്ങുന്നതിനുള്ള പ്രയാസം ഒഴിവാക്കുന്നതിനായി റേഷന്‍ സാധനങ്ങള്‍ കോളനിയിലെത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കും. കോളനിയിലെ കുടിവെള്ള പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനും മാര്‍ഗം ആരായും.
കോളനി നിവാസികളുടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിന് ഒക്ടോബര്‍ 19ന് രാവിലെ 11 മണിക്ക് വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തില്‍ കോളനിയില്‍ പ്രത്യേക അദാലത്ത് സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. ഇതിനു പുറമെ, റേഷന്‍ കാര്‍ഡ്, ആധാര്‍, ആരോഗ്യ ഇന്‍ഷൂറന്‍സ്, ലേബര്‍ കാര്‍ഡ് തുടങ്ങിയ സേവനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തില്‍ കോളനിയില്‍ പ്രത്യേക അദാലത്തുകള്‍ നടത്താനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് ആന മതില്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ പ്രദേശത്തേക്കു കൂടി വ്യാപിപ്പിക്കുന്ന കാര്യവും പരിഗണിക്കും.
കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന രക്ഷിതാക്കളുടെയും അധികൃതരുടെയും ഭാഗത്തുനിന്നുണ്ടാവണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കോളനിയിലെ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പരിശീലനവും സൗകര്യങ്ങളും ഒരുക്കണം. കോളനി നിവാസികള്‍ക്ക് മഹാത്മഗാന്ധി തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുതല്‍ ദിവസം തൊഴില്‍ ലഭ്യമാക്കാനും ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കോളനിയിലെ നവീകരണം ആവശ്യമായ വീടുകള്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി നടത്താനും യോഗത്തില്‍ തീരുമാനമായി. കോളനിയിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി അടുത്തയാഴ്ച കണ്ണൂരിലേക്ക് വിനോദയാത്ര ഒരുക്കാനും യോഗം തീരുമാനമെടുത്തു.
കോളനിയില്‍ നടന്ന യോഗത്തില്‍ തലശേരി സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, തളിപറമ്പ് സബ് കലക്ടര്‍ എസ് ഇലാക്യ, ജില്ലാ പോലീസ് മേധാവി പ്രജീഷ് കുമാര്‍, ഡിഎഫ്ഒ കുറ ശ്രീനിവാസ്, കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന്‍ അടുക്കോലില്‍, പഞ്ചായത്ത് അംഗങ്ങളായ സിന്ധു മുഞ്ഞനാട്ട്, തോമസ് കണിയാഞ്ഞാലില്‍, ഇരിട്ടി എഎസ്പി ആര്‍ ആനന്ദ്, ഐടിഡിപി ഓഫീസര്‍ ജാക്വിലിന്‍ ഷൈനി ഫെര്‍ണാണ്ടസ്, കൊട്ടിയൂര്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ സി വിനു, ആറളം വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ്  വാര്‍ഡന്‍ സോളമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.