മാക്കൂട്ടം ചുരം റോഡിൽ കാർ അപകടം: നാലുപേർക്ക് പരിക്ക്

ഇരിട്ടി: ഇരിട്ടി- വീരാജ്‌പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ മാക്കൂട്ടം ചുരത്തില്‍ കുട്ടപ്പാലം വളവില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. സിദ്ധാപുരം സ്വദേശികളായ ഫസീന (28) , അന്‍സാര്‍ (29) , അസീന (19) , ഷെരീഫ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.  
കര്‍ണ്ണാടകത്തിലെ സിദ്ധാപുരത്തു  നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കർണ്ണാടക സ്വദേശികൾ സഞ്ചരിച്ച വാഹനം ചുരം റോഡിലെ ഇറക്കത്തില്‍  നിയന്ത്രണം വിട്ട്  മണ്‍തിട്ടയില്‍ ഇടിച്ച് കുഴിയിലേക്ക്  മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും രക്ഷപ്പെടാനായി പരിക്കേറ്റവര്‍ ശ്രമിക്കുന്നതിനിടയില്‍ പിന്നാലെ വന്ന വാഹനങ്ങളിലുള്ളവര്‍  തിരിഞ്ഞുനോക്കാഞ്ഞതിനാല്‍ ഇവര്‍ക്ക് ഏറെ നേരം റോഡരികില്‍ കിടക്കേണ്ടി വന്നു.
 മട്ടന്നൂരിലെ രണ്ട് യുവാക്കള്‍ ചേര്‍ന്ന്  അവര്‍ സഞ്ചരിച്ച പിക് അപ് വാനില്‍ പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട്  പരിക്കേറ്റവരെ കണ്ണൂര്‍ എ കെ ജി, മിംസ് ആശുപത്രികളിളേക്ക് മാറ്റി.  നിരവധി യ അപകടങ്ങളും മരണങ്ങളും നടന്ന മാക്കൂട്ടം ചുരം റോഡിലെ അപകടകരമായ വളവാണ്‌ കുട്ടപ്പാലം വളവ് . ചെറുതും വലുതുമായ അപകടങ്ങൾ ഇവിടെ നിത്യ സംഭവമാണ്.