വെൺമണി: വാളാട് റോഡിലെ വെൺമണി ഈട്ടി വളവിൽ ഇടിഞ്ഞഭാഗം ഒരുവർഷം കഴിഞ്ഞിട്ടും നന്നാക്കിയില്ല. കഴിഞ്ഞവർഷത്തെ പ്രളയത്തിലാണ് ഇവിടെ റോഡ് ഇടിഞ്ഞുതകർന്നത്. റോഡ് നന്നാക്കാത്തതിനാൽ ഭീതിയോടെയാണ് ഇതുവഴി വാഹനത്തിൽ ജനങ്ങൾ യാത്ര ചെയ്യുന്നത്. കനത്തമഴയിൽ 15 മീറ്ററോളം നീളത്തിൽ റോഡ് പൊട്ടി ഇടിഞ്ഞുതാഴുകയായിരുന്നു. മുളകൊണ്ട് വേലി നിർമിച്ച് സൂചനാ ബോർഡ് വെക്കുകമാത്രമാണ് അധികൃതർ ചെയ്തത്. ഇടിഞ്ഞത് കുത്തനെയുള്ള ഇറക്കത്തിലായതിനാൽ അപകടസാധ്യത നിലനിൽക്കുകയാണ്.

ഈ റോഡിലെ മറ്റിടങ്ങളിൽ മണ്ണിടിഞ്ഞതും അരികുകെട്ട് തകർന്നതും ഇതിനകം നന്നാക്കിയിരുന്നു. എന്നാൽ ഈട്ടി വളവിലെ റോഡ് ഇടിഞ്ഞതുമാത്രം ഇതുവരെ നന്നാക്കാൻ യാതൊരു നടപടിയുമുണ്ടായില്ല.

വലിയ കയറ്റിറക്കങ്ങളും കൊടുംവളവുകളുമുള്ളതാണ് വാളാട് റോഡ്. അതുകൊണ്ട്‌ ഈ റോഡിന്റെ തകർന്നഭാഗം നന്നാക്കുന്നതിന് സത്വര നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. 43-ാം മൈൽ മുതൽ വാളാട് വരെയുള്ള റോഡരികിൽ കാടുകളും വളർന്ന് ചാഞ്ഞുനിൽക്കുന്നുണ്ട്. ഇതുകാരണം അടുത്തെത്തിയാൽ മാത്രമാണ് എതിരേ വരുന്ന വാഹനങ്ങളെ കാണാൻ സാധിക്കുകയുള്ളു. ഈ റോഡരികിലെ കാടുകൾ വെട്ടിമാറ്റണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.