വിമാനത്താവളം: ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ നടത്തിപ്പ് ജി.എം.ആര്‍ ഗ്രൂപ്പിന്​നല്‍കിയേക്കും

കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ നടത്തിപ്പ് ചുമതല ജി.എം.ആര്‍ ഗ്രൂപ്പിനു നല്‍കാന്‍ കിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ധാരണ. ഇവിടെ തുടങ്ങാനിരിക്കുന്ന ഡ്യൂട്ടി ഫ്രീ, കാര്‍ഗോ കോംപ്ലക്സുകളുടെ പ്രവര്‍ത്തനം ഡിസംബറോടെ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. കാര്‍ഗോ കോംപ്ലക്സ് നടത്തിപ്പിന് നല്‍കുന്നതിനായി അടുത്തുതന്നെ ടെന്‍ഡര്‍ ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ട്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍െറ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. രാജ്യാന്തര കമ്ബനി കെ.പി.എം.ജി വിമാനത്താവളത്തെ ലാഭകരമാക്കുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയെക്കുറിച്ച്‌ ബന്ധപ്പെട്ടവര്‍ യോഗത്തില്‍ വിശദീകരിച്ചു. അടുത്ത ഡിസംബറില്‍ കിയാല്‍ ഓഹരി ഉടമകളുടെ യോഗം ചേരും. വിമാനത്താവളത്തിലെ പ്രാര്‍ഥന മുറിയുടെ നടത്തിപ്പുചുമതല ലുലു ഗ്രൂപ് ഏറ്റെടുക്കാനുള്ള സന്നദ്ധത എം.എ. യൂസഫലി യോഗത്തെ അറിയിച്ചു. മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.കെ. ശൈലജ ടീച്ചര്‍, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഷംഷീര്‍ വയലില്‍, ഹസന്‍കുഞ്ഞി മീത്തലെപുരയില്‍, കിയാല്‍ എം.ഡി വി. തുളസീദാസ് എന്നിവര്‍ക്കു പുറമെ എയര്‍പോര്‍ട്ട് അതോറിറ്റി, ബി.പി.സി.എല്‍ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.