തിരുവനന്തപുരം: നടി മഞ്ജു വാര്യർ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നൽകിയ പരാതിയിൽ പ്രാഥമിക പരിശോധനയ്ക്ക് നിർദേശം നൽകി ഡിജിപി ലോക്നാഥ് ബെഹ്റ. ഡിജിപിയുടെ കീഴിലുള്ള സ്പെഷ്യൽസെൽ ആണ് പരാതി ആദ്യം പരിശോധിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
'പരാതി കിട്ടിയിട്ടുണ്ട്. പരിശോധിച്ച് നിയമനടപടികളിലേക്ക് കടക്കും. നിയമോപദേശകനുമായി ആദ്യം സംസാരിക്കട്ടെ, എന്നിട്ടു തീരുമാനമെടുക്കും. നിയമനടപടി സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.' ഡിജിപി പറഞ്ഞു.
ഡിജിപിയ്ക്കു കീഴിലെ സ്പെഷ്യൽ സെൽ ഈ പരാതി ആദ്യം പരിശോധിയ്ക്കും. അതിനു ശേഷം ഏതു തരത്തിൽ നിയമനടപടി സ്വീകരിക്കണം എന്നുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. പരാതി പഠിച്ച് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മഞ്ജു വാര്യർ കഴിഞ്ഞ ദിവസം ഡിജിപിയുടെ അടുക്കൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. ഫെഫ്കയ്ക്കും പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകന്റെ മൊഴിയും എടുത്തേക്കും.വ്യക്തിപരവും സിനിമാ സംബന്ധവുമായ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാണ് മഞ്ജു വാര്യർ പരാതി നൽകിയിട്ടുള്ളത്. സിനിമാപ്രവർത്തകർക്കിടയിലും ഈ പ്രശ്നത്തെക്കുറിച്ചുള്ള അന്വേഷണം നടക്കണം എന്ന നിലയ്ക്കാണ് സിനിമാസാങ്കേതിക പ്രവർത്തകരുടെ സംഘടനയ്ക്കു കൂടി കത്തു നൽകിയത്. കത്തിന്റെ ഉള്ളടക്കം ഇതുവരെ പുറത്തുവിട്ടിട്ടില്ല.