കുറിപ്പിന്റെ പൂർണരൂപം
'എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു....നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത് ?
നിനക്കറിയാമല്ലോ നിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആയ എത്രപേർ എത്രപ്രാവിശ്യം പറഞ്ഞു കാര്യം കഴിഞ്ഞാൽ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീ എന്ന്. (ഹൈദരാബാദ് അന്നപൂർണ സ്റ്റുഡിയോയിൽ നമ്മൾ ഒരു നാൾ ഷൂട്ട് ചെയ്യുമ്പോൾ എനിക്ക് വന്ന നിന്റെ ഒരു ആത്മാർത്ഥസുഹൃത്തിന്റെ ഫോൺകോൾ ഞാൻ ഓർമിപ്പിക്കുന്നു ഒരു ഉദാഹരണമായി.)
വീട്ടിൽ നിന്നും ഇറങ്ങി വന്നപ്പോൾ എന്റെ ബാങ്കിൽ 1500 രൂപയെ ഉള്ളു എന്ന് പറഞ്ഞു ആശങ്കപെട്ടിരുന്ന നിന്റെ കയ്യിലേക്ക് കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ വരാന്തയിൽ വെച്ച് ആദ്യ പരസ്യത്തിന്റെ അഡ്വാൻസായി 25 ലക്ഷം രൂപയുടെ ചെക്ക് വെച്ച് തന്നപ്പോൾ ഗുരുവായൂരപ്പൻ എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാർ എന്ന് പറഞ്ഞ് തേങ്ങികരഞ്ഞതും നീ മറന്നു.
നിന്റെ അമ്മ ഇടക്ക് നിന്റെ മുൻപിൽ വെച്ചുതന്നെ എന്നോട് പറയുമായിരുന്നല്ലോ നീ ആരെ മറന്നാലും ശ്രീകുമാറിനെ മറക്കരുത് എന്ന്. ശ്രീകുമാർ സഹായിക്കുവാൻ ഇല്ലായിരുന്നു എങ്കിൽ തന്റെ മകളുടെ ഗതി എന്താകുമായിരുന്നു എന്ന് അലോചിച്ചുകൊണ്ട് ഉറക്കമില്ലാതിരുന്ന രാത്രികളെ കുറിച്ച് നിന്റെ അമ്മ എന്നോട് പറഞ്ഞിരുന്നതും നീ മറന്നു അല്ലേ.
എന്നാലും മഞ്ജു.... കഷ്ട്ടം
അതെ, മാത്യു സാമുവൽ ഒരുപാട് കാലമായിട്ടുള്ള എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങളുടെ സൗഹൃദം മഞ്ജുവിനെ അലോസരപ്പെടുത്തുന്നത് എന്തിനാണ് ?!
നീ കാരണം എന്റെ ശത്രുക്കളായ കുറെ മഹത് വ്യക്തികൾ, ഇപ്പോൾ പെട്ടന്ന് നിന്റെ മിത്രങ്ങളായതും എന്നാൽ എന്റെ ശത്രുക്കളായി തന്നെ തുടരുന്നതും മറ്റൊരു യാദൃശ്ചികത ആകാം അല്ലേ ?
ഈ വാർത്ത വന്നതിന് ശേഷം നിരന്തരമായി ബന്ധപെട്ടുകൊണ്ടിരിക്കുന്ന മാധ്യമ സുഹൃത്തുക്കളുടെയും, മറ്റ് സുഹൃത്തുക്കളുടെയും അറിവിലേക്കായി.
ഞാൻ നിയമം അനുസരിക്കുന്ന ഒരു സാധാരണ പൗരനാണ്. മഞ്ജു വാര്യർ എനിക്കെതിരെ നൽകിയ പരാതിയെക്കുറിച്ച് ഞാൻ അറിഞ്ഞിട്ടുള്ളത് മാധ്യമ വാർത്തകളിൽ നിന്നും മാത്രമാണ്. ഈ പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂർണമായി സഹകരിക്കുകയും എനിക്കും മഞ്ജുവിനും അറിയുന്ന 'എല്ലാ സത്യങ്ങളും' അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്യും.
ശ്രീകുമാർ മേനോനിൽനിന്ന് തനിക്ക് വധഭീഷണി ഉൾപ്പെടെ ഉണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നുവെന്നാണ് സൂചന ലഭിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെ ഡിജിപി ലോക്നാഥ് ബഹ്റയെ നേരിൽക്കണ്ടാണ് മഞ്ജു വാര്യർ പരാതി നൽകിയത്.
ശ്രീകുമാർ മേനോന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്ന് പരാതിയിൽ പറഞ്ഞിരുന്നു. ഒടിയൻ സിനിമയുടെ നിർമാണ കാലംമുതൽ ശ്രീകുമാർ മേനോന് തന്നോട് വ്യക്തിവിരോധം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലടക്കം അപകീർത്തിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു.
ഔദ്യോഗികാവശ്യങ്ങൾക്കായി നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നതായും പരാതിയിലുണ്ടായിരുന്നു. ശ്രീകുമാർ മേനോനും സുഹൃത്തും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായും തനിക്കൊപ്പം പ്രവർത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ ആരോപിക്കുന്നതായാണ് സൂചന.
വിവാഹശേഷം സിനിമയിൽനിന്ന് വിട്ടുനിന്ന മഞ്ജു വാര്യർ ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയത് ശ്രീകുമാർ മേനോന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന സിനിമയിൽ മഞ്ജു വാര്യർ ആയിരുന്നു നായിക.

0 Comments