സിഗ്നല്‍ സംവിധാനത്തിന് ആയുസ്സ് ഒരുദിവസം


പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി. റോഡില്‍ തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങിയ നിഗ്നല്‍ സംവിധാനം രാത്രിയോടെ പണിമുടക്കി. സാങ്കേതികത്തകരാറാണ് കാരണമെന്ന് പോലീസ് അറിയിച്ചു. അശാസ്ത്രീയമായും മുന്നറിയപ്പില്ലാതെയുമാണ് സിഗ്നല്‍ സ്ഥാപിച്ചതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

സിഗ്നല്‍ ഉള്ളതറിയാതെ തിങ്കളാഴ്ച രാവിലെ മുതല്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടിയത് ഇരിണാവ് കവലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. തുടര്‍ന്ന് പ്രദേശവാസികളും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് സിഗ്നല്‍ നിലവില്‍വന്ന കാര്യം വാഹന ഡ്രൈവര്‍മാരെ വിളിച്ച്‌ അറിയിച്ചു. ദീര്‍ഘസമയം കവലയില്‍ ഗതാഗത ക്കുരുക്കും അനുഭവപ്പെട്ടു. ഇരിണാവ് റെയില്‍വേ ഗേറ്റ് ഭാഗത്തുനിന്ന് ഇരിണാവ് ഡാം ഭാഗത്തേക്കും തിരിച്ചും വരുന്ന വാഹനങ്ങള്‍ കുറവായതിനാല്‍ നിശ്ചിത സമയം കഴിയുന്നതുവരെ പഴയങ്ങാടി ഭാഗത്തേക്കും കണ്ണൂര്‍ ഭാഗത്തേക്കും പോകേണ്ട വാഹനങ്ങള്‍ അനാവശ്യമായി കാത്തിരിക്കേണ്ടിവരുന്നതായി ഡ്രൈവര്‍മാര്‍ പറഞ്ഞു. സിഗ്നല്‍ സ്ഥാപിച്ച സ്ഥലത്ത് റോഡുകള്‍ക്ക് വീതി കുറവായതിനാല്‍ പിന്‍ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് സിഗ്നല്‍ അനുസരിച്ച്‌ പോകാനും പറ്റുന്നില്ല.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. റോഡ് തുറന്നുകൊടുത്തിട്ടും ഇത് പ്രവര്‍ത്തനക്ഷമമാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല. തുടര്‍ന്നാണ് മുന്നറിയിപ്പില്ലാതെ കഴിഞ്ഞദിവസം പ്രവര്‍ത്തനം തുടങ്ങിയത്. അതിനാകട്ടെ ഉണ്ടായത് ഒറ്റദിവസത്തെ ആയുസ്സും.