തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടി വനത്തിൽ നാല് മാവോവാദികളെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. വിഷയത്തിൽ കമ്മീഷൻ സംസ്ഥാനപോലീസ് മേധാവിക്ക് നോട്ടീസയച്ചു.
മാവോവാദികളെ വെടിവച്ചു കൊല്ലാനുണ്ടായ സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം നേരിട്ടു നടത്തി സംസ്ഥാന പോലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. കേസ് നവംബർ 12ന് കൽപ്പറ്റയിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.
ഒരു സ്ത്രീ ഉൾപ്പെടെ നാലുപേരെ കണ്ട മാത്രയിൽ വെടിവയ്ക്കാനുള്ള പ്രകോപനം എന്താണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇതുവരെ വിശദീകരിച്ചിട്ടില്ലെന്നും കമ്മീഷൻ പറഞ്ഞു.
മാവോയിസ്റ്റാണെന്ന സംശയത്തിൽ നാലുപേരുടെ ജീവൻ കവരാനുള്ള അധികാരം പോലീസിനില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മനുഷ്യത്വരഹിതമായ ഇത്തരമൊരു പ്രവൃത്തി നിർവഹിക്കാൻ കോടതി പോലീസിന് അധികാരം നൽകിയിട്ടുമില്ല. അതേ സമയം സ്വയം പ്രതിരോധിക്കാൻ ഒരാൾക്ക് അവകാരമുണ്ട്. അട്ടപ്പാടിയിൽ അത്തരമൊരു സാഹചര്യം ഉണ്ടായതായി കാണുന്നില്ലെന്ന് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.