ഇരിട്ടി: ഈ വർഷത്തെ ചെറുകാട് സാഹിത്യ അവാർഡ് നേടിയ എം.കെ. മനോഹരനെ ആദരിച്ചു. പുരോഗമന കലാസാഹിത്യ സംഘം ഇരിട്ടി മേഖല കമ്മറ്റിയാണ് ആദരം നൽകിയത്. ജില്ലയിലെ കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ സജീവമായ മനോഹരന്റെ അലക്കു കല്ലുകളുടെ പ്രണയം എന്ന സമാഹാരത്തിനായിരുന്നു അവാർഡ്. 25000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. ചെറുകാട് സ്മാരകട്രസ്റ്റാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.
എം.കെ. മനോഹരന്റെ രണ്ടാമത് ചെറുകഥാ സമാഹാരമാണ് സ്വാതന്ത്ര്യം അർധരാത്രിയിൽ, മുണ്ട്, അച്ഛമ്മക്കിണർ, മൊയ്തു പാലം,അലക്കു കല്ലുകളുടെ പ്രണയം തുടങ്ങിയ പതിനഞ്ചോളം കഥകളുടെ സമാഹാരമായ അലക്കു കല്ലുകളുടെ പ്രണയം എന്ന പുസ്തകം. സ്വപ്ന നാണയം എന്ന ചെറുകഥാ സമാഹാരം നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചന്തുവിന്റെ വിശേഷങ്ങൾ, സതീശൻ, മണ്ണുമാന്തിയന്ത്രം, മഴയുടെ വയസ്സ് തുടങ്ങിയ പന്ത്രണ്ടോളം നാടകങ്ങളും മീനുകളുടെ നൃത്തം, കുട്ടികളുടെ വീട് എന്നീ ബാല നാടകങ്ങളും (എൻ.ശശിധരനൊത്ത്) പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
കണ്ണൂർ പെരളശ്ശേരി സ്വദേശിയായ മനോഹരന് ജോൺ അബ്രഹാം പുരസ്കാരം, സംസസ്ഥാന ബാലസാഹിത്യ അവാർഡ്, പി.നരേന്ദ്രനാഥ് അവാർഡ്, അബുദാബി ശക്തി അവാർഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. പു.ക.സ. കണ്ണൂർ ജില്ലാ സെക്രട്ടറി കൂടിയായ മനോഹരൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ചീഫ് അസോസിയേറ്റായി കഴിഞ്ഞ മെയ്ൽ റിട്ടയർ ചെയ്തു. പു.ക.സ ഇരിട്ടി മേഖല സമ്മേളനത്തിൽ വെച്ച് നടന്ന പരിപാടിയിൽ സി. പി. എം ഇരിട്ടി ഏരിയ സെക്രട്ടറി അഡ്വ: ബിനോയ് കുര്യൻ ഉപഹാരം നൽകി. രഞ്ജിത്ത് കമൽ, പി.വി. ബിനോയ്, മനോജ് കുമാർ പഴശ്ശി, മുസ്തഫ കീത്തടത്ത് തുടങ്ങിയവർ സംസാരിച്ചു. ഒക്ടോബർ 27 ന് പട്ടാമ്പിയിൽ വെച്ച് നടക്കുന്ന ചെറുകാട് അനുസ്മരണ സമ്മേളനത്തിൽ മന്ത്രി എ.കെ.ബാലൻ അവാർഡ് സമർപ്പിക്കും