കണ്ണൂർ:ദിനംതോറും അപകടം പെരുകി നഗരവും പരിസരപ്രദേശങ്ങളും. കഴിഞ്ഞ ഒരു മാസത്തിനിടെ ചെറുതും വലുതുമായ 11 അപകടങ്ങളാണ് ഇവിടങ്ങളിലുണ്ടായത്. മിക്ക അപകടങ്ങളും നടന്നത് താഴെ ചൊവ്വ, തെഴുക്കിൽപീടിക, ചാല, പള്ളിക്കുന്ന്, താണ മേഖലകളിലാണ്. ഗതാഗതം കുറഞ്ഞ സമയങ്ങളിലാണ് മിക്ക അപകടങ്ങളുമെന്നതാണ് മറ്റൊരു കാര്യം. അപകടങ്ങളിലേറെയും ഡിവൈഡറുകൾക്ക് മുകളിൽ വാഹനം കയറിയാണ്. ഡ്രൈവർ ഉറങ്ങിപ്പോകുന്നതും അശ്രദ്ധയും നിരോധിത ലഹരിവസ്തുക്കളുടെ ഉപയോഗവുമാണ് മിക്ക അപകടങ്ങൾക്കും പിറകിൽ.
കണ്ണൂർ നഗരത്തിലും സമീപപ്രദേശങ്ങളിലുമായി തുടർച്ചയായി മൂന്നുദിവസമാണ് അപകടം നടന്നത്. സംഭവങ്ങളിൽ ആർക്കും സാരമായ പരിക്കില്ലെങ്കിലും ഇത് ഗതാഗതത്തെ ബാധിച്ചു.വ്യാഴാഴ്ച്ച വൈകീട്ടോടെ താഴെ ചൊവ്വയ്ക്ക് സമീപം തെഴുക്കിൽപീടികയിൽ ഗുഡ്സ് ജീപ്പ് ഡിവൈഡറിൽ പാഞ്ഞുകയറിയാണ് അപകടം. സൂചകബോർഡുകളില്ലാത്ത ഡിവൈഡറാണ് വില്ലനായത്. നിരന്തരമായുണ്ടാകുന്ന അപകടത്തെത്തുടർന്ന് ഇവിടെ ഡിവൈഡർ തകർന്നുകിടക്കുകയാണ്. തെഴുക്കിൽപീടിക പരിസരത്തെ രണ്ട് ആഴമേറിയ കുഴികളും വൻ അപടസാധ്യതയുണ്ടാക്കുന്നുണ്ട്.
ചൊവാഴ്ച്ച രാത്രി ഏഴരയോടെ ചെങ്കല്ല് കയറ്റി വന്ന ലോറികൾ കുടുങ്ങി താണയിലും ചൊവ്വയിലും ഗതാഗതസ്തംഭനമുണ്ടായിരുന്നു. ചൊവ്വ ധർമസമാജം യു.പി. സ്കൂളിന് സമീപവും താണകവലയിലുമായിരുന്നു അപകടം. ചൊവ്വാഴ്ച അർധരാത്രിയോടെ പള്ളിക്കുളം മണ്ഡപത്തിന് സമീപവും അപകടം നടന്നു.
കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ പൂർണമായും തകർന്നെങ്കിലും ഡ്രൈവർ നിസാരപരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് താഴെ ചൊവ്വയിൽ തെഴുക്കിൽപീടികയ്ക്ക് സമീപം ടാങ്കർലോറി നിയന്ത്രണം വിട്ട് സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറിയത്. സംഭവത്തിൽ ഡ്രൈവർക്ക് നേരിയ പരിക്കേൽക്കുകയും വീടിന് കേടുപറ്റുകയും ചെയ്തു.


0 Comments