പ്രളയം തകർത്ത ആന മതിൽ പുനർനിർമ്മിക്കാതെ വനം വകുപ്പ് :ജനപ്രതിനിധികൾക്കും നിസ്സംഗത :പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ
പ്രളയകാലത്ത്,അടയ്ക്കാത്തോട്, മുട്ടുമാറ്റി ,വാളുമുക്ക് എന്നിവിടങ്ങളിൽ തകർന്ന ആന മതിൽ പുനർനിർമ്മിക്കാത്തതിൽ ജന രോഷം ഉയരുന്നു. ആന മതിൽ തകർന്നത് പുനർ നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നതിനിടെ പ്രശ്ന പരിഹാരത്തിന് ജനപ്രതിനിധികളും ഇടപെടുന്നില്ലെന്ന് പരാതിയുണ്ട് . കനത്ത മഴയിൽ ചീങ്കണ്ണിപ്പുഴ കരകവിഞ്ഞതിനേത്തുടർന്നാണ് ആനമതിലിന്റെ ഭാഗങ്ങൾ തകർന്നത്. വാളുമുക്ക് കോളനി സമീപത്ത് ഇത്തവണ ആനമതിൽ തകർന്നത് കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തകർന്നതിനു ശേഷം പുനസ്ഥാപിച്ച അതേ സ്ഥലത്തു തന്നെ. ഒരു സ്ഥലത്ത് മീറ്ററുകളോളം പൂർണ്ണമായും ആനമതിൽ തകർന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം ആനമതിൽ തകർന്ന വിടവുകളിലൂടെയെത്തി കാട്ടാനകൾ മുട്ടുമാറ്റി, നരിക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപകമായി കൃഷിനാശം വരുത്തിയിരുന്നു. മാസങ്ങളോളം ആനയെത്തി കൃഷി നാശമുണ്ടാക്കിയതിനു ശേഷമായിരുന്നു ആനമതിൽ തകർന്ന ഭാഗങ്ങളിൽ പുനർനിർമ്മാണം നടത്തിയത്. ഇങ്ങനെ പുനർനിർമ്മിച്ചതിൽ ഒന്നുൾപ്പെടെയാണ് ഇത്തവണ തകർന്നിരിക്കുന്നത്. വീണ്ടും മതിൽ തകർന്ന വിടവുകളിലൂടെ ജനവാസകേന്ദ്രങ്ങളിലേക്ക് ആനയെത്തുമോ എന്ന ഭയത്തിലാണ് പ്രദേശവാസികൾ. ഇതോടെ ആന മതിൽ പുനർനിർമ്മിക്കാത്ത വനം വകുപ്പിനെതിരെ പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.
0 Comments