തിരുനാള്‍: മയ്യഴിയമ്മയ്ക്കുമുന്‍പില്‍ പതിവുപോലെ എം.മുകുന്ദന്‍

മയ്യഴി: മയ്യഴിയുടെ കഥാകാരന്‍ എം.മുകുന്ദന്‍ പതിവുപൊലെ മാഹി സെമിത്തേരി റോഡിലെ മണിയമ്ബത്ത് വീട്ടില്‍നിന്ന് മാഹി സെയ്‌ന്റ് തെരേസാ ദേവാലയത്തില്‍ എത്തി മയ്യഴിയമ്മയെ വണങ്ങി പുഷ്പമാല്യം അര്‍പ്പിച്ചു. നാട്ടിലുള്ളപ്പോഴൊക്കെ എല്ലാ തിരുനാളിലും എം.മുകുന്ദന്‍ വിശുദ്ധ അമ്മത്രേസ്യായെ വണങ്ങും. കുട്ടിക്കാലംമുതലുള്ള തന്റെ ആത്മീയ അവബോധത്തിന്റെ ഭാഗമായിരുന്നു മാഹി പള്ളിയും മയ്യഴിയമ്മയുമെന്ന് കഥാകാരന്റെ സാക്ഷ്യം. അടുത്ത തിരുനാളിന് അദ്ദേഹം അമ്മത്രേസ്യായുടെ തിരുമുന്‍പിലേക്കെത്തുക മയ്യഴിപ്പുഴയുടെ തീരത്തുനിന്നായിരിക്കില്ല. അത് മയ്യഴിയുടെതന്നെ ഭാഗമായ പള്ളൂരില്‍നിന്നായിരിക്കും.

പള്ളൂരില്‍ പുതിയ വീടിന്റെ പണി പൂര്‍ത്തിയാവുകയാണ്. മാഹി സെമിത്തേരി റോഡില്‍നിന്ന് ഭാരതിയാര്‍ റോഡിലേക്കുള്ള ഇറക്കത്തിലെ ആദ്യ വീടാണ് മുകുന്ദന്റേത്. നിയന്ത്രണംവിട്ട വാഹനങ്ങള്‍ ഒട്ടേറെ തവണ വീട്ടിലേക്ക് പാഞ്ഞുകയറി മതില്‍ തകര്‍ത്ത്‌ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. ഒരുതവണ അദ്ദേഹത്തിന്റെ കാലിനും പരിക്കേറ്റു. അപകടം തുടര്‍ക്കഥയായതോടെയാണ് വീട് മാറാന്‍ തീരുമാനിച്ചത്.

ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് ഉണ്ടാവുമ്ബോഴും പള്ളി തിരുനാളിന്റെ പ്രധാന ദിനങ്ങളിലും വാഹനങ്ങള്‍ സെമിത്തേരി റോഡ് വഴി തിരിച്ചുവിടുകയാണ് പതിവ്.