നോര്‍ക്കയുടെ സൗജന്യ ആംബുലന്‍സ് സേവനം കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക്
തിരുവനന്തപുരം: അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന വിദേശ മലയാളികളെ അല്ലെങ്കില്‍ വിദേശത്ത് മരണപ്പെടുന്ന മലയാളികളുടെ ഭൗതികശരീരം വിമാനത്താവളങ്ങളില്‍ നിന്നും അവരുടെ വീട്ടിലേക്കോ അവര്‍ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കോ സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണ് നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വ്വീസ്. നോര്‍ക്ക റൂട്ട്‌സും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ചാണ് നേര്‍ക്ക് എമര്‍ജന്‍സി ആംബുലന്‍സ് സേവനം നടപ്പിലാക്കുന്നത്.
നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വ്വീസ് ഇപ്പോള്‍ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലാണ് ഉള്ളത്. ഈ സേവനം ആരംഭിച്ചതു മുതല്‍ ഇതുവരെ 294 സേവനമാണ് ലഭ്യമാക്കിയത്. സേവനം ഇപ്പോള്‍ കേരളത്തിന്റെ തൊട്ടടുത്തുള്ള മംഗലാപുരം, കോയമ്ബത്തൂര്‍ വിമാനത്താവളങ്ങളില്‍ കൂടി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി കേരളത്തിന്റെ വടക്കേ അറ്റത്തുള്ള പ്രവാസികള്‍ക്കുകൂടി പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.
ഇതുവരെ വിദേശത്തുള്ള പ്രവാസികള്‍ക്കായി നോര്‍ക്ക നടപ്പിലാക്കിയ എമര്‍ജന്‍സി ആംബുലന്‍സ് സേവനം ഇന്ത്യയ്ക്ക് അകത്തുള്ള ഇതരസംസ്ഥാനങ്ങളിലെ പ്രവാസികള്‍ക്കും ഇനി മുതല്‍ ലഭിക്കും. ഇതരസംസ്ഥാനങ്ങളില്‍ വച്ച് രോഗബാധിതരായ കേരളീയര്‍ക്ക് അല്ലെങ്കില്‍ അന്യ സംസ്ഥാനത്ത് വച്ച് മരണമടഞ്ഞ മലയാളിയുടെ ഭൗതിക ശരീരം കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്ന് അവരവരുടെ വീടുകളിലേക്കോ ചികിത്സ ആവശ്യപ്പെടുന്ന ആശുപത്രയിലേക്കോ എത്തിക്കും. ഇതാദ്യമായാണ് ഇന്ത്യയ്ക്ക് അകത്തുള്ള പ്രവാസികള്‍ക്കും ഈ സേവനം ലഭ്യമാക്കുന്നത്.
പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി നോര്‍ക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ് സേവനം തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ബഹറിന്‍, ചിക്കാഗോ, കൊളംബോ, ദമാം, ദോഹ, ദുബായ്, കുവൈറ്റ്, ലണ്ടന്‍, സൗദി അറേബ്യ, മസ്‌ക്കറ്റ്, സ്വിറ്റ്‌സര്‍ലന്റ്, ഒമാന്‍, ഖത്തര്‍, ഷാര്‍ജ, സൗത്ത് ആഫ്രിക്ക, സൂഡാന്‍, ഇന്ത്യോനേഷ്യ, ന്യൂസിലന്റ്, ടൊറോഡോ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രോഗികളായ പ്രവാസികള്‍/ഭൗതികശരീരം പ്രസ്തുത സേവനത്തിലൂടെ നാട്ടിലെത്തിച്ചിട്ടുണ്ട്.
ആംബുലന്‍സ് സേവനം അവശ്യമുള്ളവര്‍ നോര്‍ക്കയുടെ ടോള്‍ ഫ്രീ നമ്ബറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) വിളിക്കുകയും norkaemergencyambulance@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ പാസ്‌പോര്‍ട്ടിന്റെയും വിമാന ടിക്കറ്റിന്റേയും പകര്‍പ്പ് അയക്കുകയും വേണം


0 Comments