നിയമസഭാ സമ്മേളനം 28 മുതല്‍





തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഒക്‌ടോബര്‍ 28ന് ആരംഭിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൂര്‍ണമായും നിയമനിര്‍മാണത്തിനായി ഉദ്ദേശിച്ചിട്ടുള്ള സമ്മേളനം 19 ദിവസം നടക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ 28ന് സത്യപ്രതിജ്ഞ ചെയ്യും. നിലവിലുള്ള പതിനാറ് ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും തുടര്‍ന്ന് പരിഗണിക്കും. സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിനങ്ങളില്‍ പ്രധാനപ്പെട്ട ബില്ലുകള്‍ ബന്ധപ്പെട്ട സബ്ജക്‌ട് കമ്മിറ്റികളുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രമേയം സഭ പരിഗണിക്കും.

2019ലെ കേരള വെറ്ററിനറിയും ജന്തു ശാസ്ത്രങ്ങള്‍ സര്‍വകലാശാല (ഭേദഗതി) ബില്‍. 2019ലെ കേരള അങ്കണവാടി വര്‍ക്കര്‍മാരുടേയും അങ്കണവാടി ഹെല്‍പ്പര്‍മാരുടേയും ക്ഷേമനിധി (ഭേദഗതി) ബില്‍ എന്നിവ 28ന് പരിഗണിക്കും. 2019ലെ കേരള സഹകരണ ആശുപത്രി കോംപ്ലക്‌സും മെഡിക്കല്‍ സയന്‍സസ് അക്കാദമിയും അനുബന്ധ സ്ഥാപനങ്ങളും (ഏറ്റെടുക്കലും നടത്തിപ്പും) ബില്‍, 2019ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍ എന്നിവ 29ന് പരിഗണിക്കും.

2019-20ലെ ബഡ്ജറ്റിലെ ഉപധനാഭ്യര്‍ഥനകളുടെ സമര്‍പ്പണം 29നും അതിലുള്ള ചര്‍ച്ചയും വോട്ടെടുപ്പും നവംബര്‍ അഞ്ചിനും നടക്കും. നിയമനിര്‍മാണത്തിനായി നീക്കിവച്ചിട്ടുള്ള മറ്റ് ദിവസങ്ങളില്‍ ആദ്യ ദിവസം ചേരുന്ന കാര്യോപദേശക സമിതി തീരുമാനിക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ള ബില്ലുകള്‍ സഭ പരിഗണിക്കും. മഹാത്മാഗാന്ധിയുടെ 150-ാം ജന്‍മവാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നിയമസഭയുടെ ഒരു പ്രത്യേക അനുസ്മരണ സമ്മേളനം നവംബര്‍ ഒന്നിന് നടത്തും. കാര്യോപദേശക സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാവും ഇത് നടത്തുക.