മാലിന്യമൊഴിയാതെ പാനൂര്‍ ടൗണ്‍
പാനൂര്‍: പാനൂര്‍ ടൗണില്‍ പലയിടങ്ങളിലായി മാലിന്യം അടിഞ്ഞുകൂടുന്നു.
മീന്‍ചന്തയുടെ പിന്‍വശത്ത് ജൈവ-പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് പതിവാണ്. കുമിഞ്ഞുകൂടുമ്ബോള്‍ കത്തിക്കും. ചിലപ്പോള്‍ കുഴിച്ചു മൂടും.
ടൗണിന്റെ പലഭാഗങ്ങളിലും പ്ലാസ്റ്റിക് മാലിന്യം അടക്കം കത്തിക്കുന്നതും സാധാരണ കാഴ്ചയാണ്. പാനൂര്‍ ടൗണിലെ ജൈവ-പ്ലാസ്റ്റിക് മാലിന്യ പരിപാലനത്തിന് മാറിമാറി വന്ന പാനൂര്‍ പഞ്ചായത്ത് ഭരണസമിതികള്‍ പല പദ്ധതികള്‍ക്കും രൂപം കൊടുത്തിരുന്നു. ഒന്നും പ്രാവര്‍ത്തികമായില്ല. പ്രദേശവാസികളുടെ എതിര്‍പ്പായിരുന്നു പ്രധാന കാരണം .
പുതുതായി നിലവില്‍വന്ന നഗരസഭയും ജൈവ, പ്ലാസ്റ്റിക് മാലിന്യ പരിപാലനത്തിന് പദ്ധതികള്‍ തയ്യാറാക്കുകയുണ്ടായി. 2018-ല്‍ ജൈവ മാലിന്യ പരിപാലനത്തിന്റെ ഭാഗമായി തുമ്ബൂര്‍മുഴി മാതൃകയില്‍ ജൈവകമ്ബോസ്റ്റ് പ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയുണ്ടാക്കി. പാനൂര്‍, പൂക്കോം, പെരിങ്ങത്തൂര്‍ ടൗണുകളില്‍ സ്ഥാപിക്കാനായിരുന്നു തീരുമാനം. 6,18,000 രൂപയും ഇതിനായി മാറ്റിവെച്ചിരുന്നു.
പ്ലാസ്റ്റിക് മാലിന്യപരിപാലന പദ്ധതിയുടെ ഭാഗമായി പാനൂര്‍ പോലീസ് ക്വാര്‍ട്ടേഴ്സിനടുത്ത് നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യ സംഭരണകേന്ദ്രം സ്ഥാപിക്കാനും തുക നീക്കിവെച്ചിരുന്നു. പ്രദേശവാസികളുടെ എതിര്‍പ്പ് കാരണം ആ പദ്ധതിയും മുടങ്ങിക്കിടപ്പാണ്. ടൗണിലെ മാലിന്യ പരിപാലനത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.


0 Comments