കാന്താരി തൊട്ടാല്‍ പൊള്ളും; വില കിലോയ്ക്ക് 1200; പതിനായിരങ്ങള്‍ സമ്പാദിക്കാന്‍ ഇനി ഈ ഒറ്റകൃഷി മതി




ഇടുക്കി: വിനോദ സഞ്ചാരികള്‍ക്കിടയില്‍ ഉള്‍പ്പടെ താരമായതിനാല്‍ കേരളത്തില്‍ കാന്താരി മുളകിന് വില കുതിക്കുന്നു. പറമ്പില്‍ കായ്ച്ച്‌ നില്‍ക്കുന്ന നിസാരക്കാരനല്ല ഇപ്പോള്‍ കാന്താരി. വിലയില്‍ ഏറെ മുന്നില്‍ ഈ ചെറു മുളക്, വലിയ മുളകുകളെ കടത്തിവെട്ടും.

കാന്താരി വില കിലോയ്ക്ക് ആയിരം കടക്കാന്‍ കാരണം കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗം തടയാനും കഴിയുമെന്ന കണ്ടെത്തലാണ്. ഇതോടൊപ്പം ചില ആയുര്‍വേദ ഔഷധങ്ങള്‍ക്ക് കാന്താരി പ്രധാന ഘടകമായി മാറിയതും ആവശ്യം വര്‍ധിപ്പിച്ചു. ഇടുക്കിയില്‍ ധാരാളം കാന്താരി കൃഷി നടക്കുന്നതിനാല്‍ 300-600 രൂപയാണ് കാന്താരിയുടെ വില. മറ്റിടങ്ങളില്‍ വില 1000 - 1200 രൂപ വരെയെത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ കാന്താരിക്ക് വന്‍ ഡിമാന്റ്. സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ കാന്താരി ഉപ്പിലിട്ടതും കാന്താരി അച്ചാറും സുര്‍ക്കയിലിട്ട കാന്താരിയും ഒക്കെ യഥേഷ്ടം വാങ്ങി കൊണ്ടുപോവുകയാണ്. ആവശ്യക്കാര്‍ ഏറുന്നുണ്ടെങ്കിലും ധാരാളം ലഭിക്കാനില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

പൊതുവെ നന്നായി കായ്ക്കുന്ന കുഞ്ഞിച്ചെടിയാണ് കാന്താരി മുളകിന്റേത്. കീടങ്ങളുടെ ആക്രമണ സാധ്യതയും മറ്റു ചെടികളെക്കാള്‍ കുറവാണ്. ഇലപ്പേന്‍ രൂപത്തിലുള്ള ഒരു കീടം ഇലകള്‍ക്കിടയില്‍ വന്നു നിറയുന്നതാണ് പ്രധാന കീടബാധ. പരിഹാരമായി വേപ്പെണ്ണ (10 ലീറ്റര്‍ വെള്ളത്തില്‍ 100 മില്ലി) നേര്‍പ്പിച്ച്‌ തളിക്കുകയോ ഗോമൂത്രം തളിക്കുകയോ ചെയ്താല്‍ മതി. ഇലകള്‍ ചുരുണ്ട് വളര്‍ച്ച മുരടിക്കുന്നതിനു ചുരുണ്ട ഭാഗങ്ങള്‍ മുറിച്ചുമാറ്റി കഞ്ഞിവെള്ളം തളിച്ചുകൊടുത്താല്‍ മാറും