കനത്ത കാറ്റില്‍ രണ്ടായിരത്തോളം വാഴകള്‍ നശിച്ചു



മാലൂര്‍: വെള്ളിയാഴ്ച ഉച്ചയ്ക്ക് കനത്ത മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റില്‍ മാലൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടം ഉണ്ടായി. തെങ്ങുകളും മരങ്ങളും കടപുഴകിവീണ് വൈദ്യുതത്തൂണുകള്‍ പൊട്ടി വീണു. ശിവപുരം ലക്ഷംവീടിനടുത്ത് തെങ്ങ് പൊട്ടിവീണ്‌ വൈദ്യുതത്തൂണുകള്‍ നശിച്ചു. മഞ്ചേരിപ്പൊയില്‍, നടുവനാട് ഭാഗങ്ങളിലും കാറ്റില്‍ നാശമുണ്ടായി. ഇതേത്തുടര്‍ന്ന് മാലൂര്‍ സിറ്റിയിലുള്‍പ്പെടെ വെള്ളിയാഴ്ച മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. തോലമ്ബ്ര ശാസ്ത്രിനഗറിലെ വി.കെ.പ്രദീപന്റെ നേന്ത്രവാഴത്തോട്ടത്തിലെ 600-ഓളം നേന്ത്രവാഴകള്‍ കാറ്റില്‍ നിലംപൊത്തി. പുരളിമല കൂവക്കരയിലെ ടി.ആര്‍.രാധാകൃഷ്ണന്റെ നേന്ത്രവാഴത്തോട്ടത്തിലെ 500-ലധികം നേന്ത്രവാഴകള്‍ കാറ്റില്‍ നശിച്ചു. പുരളിമല താഴ്‌വാരമുള്‍പ്പെടെ നിരവധി വാഴകള്‍, തെങ്ങുകള്‍, റബ്ബര്‍, കവുങ്ങുകള്‍, മരങ്ങള്‍ എന്നിവ കാറ്റില്‍ നശിച്ചിട്ടുണ്ട്.