റെയിൽവേ അടിപ്പാലം; ബസ്സുകൾക്ക് ഭീഷണിയായി ഹൈറ്റ് ഗേജ്
പഴയങ്ങാടി: പഴയങ്ങാടി റെയിൽവേ അടിപ്പാലത്തിന്റെ ഇരുഭാഗത്തുമായി ഉയരക്കൂടുതലുള്ള ചരക്കുവാഹനങ്ങൾ കടന്നുപോകാതിരിക്കാനായി പണിത ഹൈറ്റ് ഗേജ് (വലിയ ഇരുമ്പുകൊണ്ട് പണിത സുരക്ഷാകവചം) ബസ്സുകൾക്ക് ദുരിതമാകുന്നു. റെയിൽവേ അടിപ്പാലത്തിലെ ബി.വി. റോഡ് ഭാഗത്തെ ഹൈറ്റ് ഗേജിൽ തട്ടി പുതിയ ബസ്സുകളുടെ മുകൾഭാഗത്തിനുൾപ്പെടെ കേടുപാട് പറ്റുന്നു.
കൂടുതൽ പ്രസരണശേഷിയുള്ള വൈദ്യുതക്കമ്പി റെയിൽപ്പാളത്തിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിലാണ് റെയിൽവേ ഗേറ്റ്, അടിപ്പാലം എന്നിവിടങ്ങളിൽ സുരക്ഷ മുൻനിർത്തി ഇത്തരം സുരക്ഷാക്രമീകരണങ്ങൾ റെയിൽവേ ഏർപ്പെടുത്തിയത്. എന്നാൽ പഴയങ്ങാടി റെയിൽവേ അടിപ്പാലം തന്നെ ഇടുങ്ങിയനിലയിലായതിനാൽ വാഹനങ്ങൾ ഈ കുരുക്കിൽനിന്ന് രക്ഷപ്പെടാൻ ഏറെ പാടുപെടുന്നു. ഹൈറ്റ് ഗേജ് താഴ്ന്നതാണ് ദുരിതത്തിന് കാരണമെന്ന് ബസ് ജീവനക്കാർ പറയുന്നു. ഇക്കാര്യം റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ഇവരുടെ ആക്ഷേപം.
പുതുതായി ഇറങ്ങിയ ബസ്സുൾക്കാണ് ഹൈറ്റ് ഗേജിൽ തട്ടി മുകൾഭാഗത്തെ ബോർഡിനും പിൻഭാഗത്തെ ഏണിയുൾപ്പെടെയുള്ള ഭാഗത്തിനും കേടുപാട് പറ്റുന്നത്.
0 Comments