അഴിയൂര്‍ എക്സൈസ് ചെക്‌പോസ്റ്റ് മാറ്റം അശാസ്ത്രീയമെന്ന് പരാതി




മയ്യഴി: അഴിയൂരില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന എക്സൈസ് ചെക്‌പോസ്റ്റ് ദേശീയപാതയില്‍ ചോമ്ബാല ബ്ളോക്ക് ഓഫീസ് പരിസരത്തേക്ക് മാറ്റിയ നടപടി അശാസ്ത്രീയമെന്ന് ആക്ഷേപം. അഴിയൂരില്‍ ചെക്‌പോസ്റ്റ് നില്‍ക്കുന്ന സ്ഥലം തലശ്ശേരി-മാഹി ബൈപ്പാസ് നിര്‍മാണത്തിനായി ഏറ്റെടുത്തതോടെയാണ് ഈ സ്ഥലമാറ്റം.

ചെക്്‌പോസ്റ്റിനുവേണ്ടി മൊഡ്യൂള്‍സ് സ്ഥാപിച്ചതിന് തൊട്ട് ഇടവും വലവും തലശ്ശേരിക്കും വടകര ഭാഗത്തേക്കുമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ്. കൂടാതെ തൊട്ടുമുന്‍പില്‍ റോഡ് മുറിച്ചുകടക്കാനുള്ള സീബ്രാ ലൈനും ഉണ്ട്. ദേശീയപാതയില്‍ ചെറിയ വളവുള്ള സ്ഥലം കൂടിയാണിത്. ഗതാഗതക്കുരുക്കും അപകടസാധ്യതയും വരുന്നതിനാല്‍ വാഹനങ്ങള്‍ പരിശോധിച്ച്‌ മദ്യക്കടത്ത് തടയുന്നതിന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പ്രയാസമുണ്ടാക്കുന്നു.

മാഹിയില്‍നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മദ്യക്കടത്ത് തടയുകയാണ് അഴിയൂര്‍ ചെക്പോസ്റ്റിന്റെ ഉദ്ദേശ്യം. എന്നാല്‍ ചെക്പോസ്റ്റ് മാറ്റത്തോടെ കുഞ്ഞിപ്പള്ളി മേല്‍പ്പാലത്തിലൂടെ മോന്താല്‍, ഓര്‍ക്കാട്ടേരി വഴിയുള്ള കടത്തിന് സൗകര്യമായി. അതിനാല്‍ അഴിയൂരിനും കുഞ്ഞിപ്പള്ളിക്കും ഇടയില്‍ ചെക്പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ചെക്പോസ്റ്റ് മാറ്റത്തോടെ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലാതെ ജീവനക്കാരും ധര്‍മസങ്കടത്തിലാണ്.