വനാതിര്‍ത്തി പ്രദേശമായ കൂനംപള്ളയിലേക്കുള്ള റോഡിന്റെ നിര്‍മാണം പാതിവഴിയില്‍ നിലച്ചു.

കൊട്ടിയൂര്‍: വനാതിര്‍ത്തി പ്രദേശമായ കൂനംപള്ളയിലേക്കുള്ള റോഡിന്റെ നിര്‍മാണം പാതിവഴിയില്‍ നിലച്ചു. കൂനംപള്ള കുറിച്യകോളനി ഉള്‍പ്പെടുന്ന പ്രദേശങ്ങളിലേക്കുള്ള റോഡ് നിര്‍മാണമാണ് നിലച്ചത്. ഇതോടെ ഈ മേഖല ഒറ്റപ്പെട്ട നിലയിലാണ്. നബാര്‍ഡിന്റെ ആര്‍ഐഡി (റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ്) ഫണ്ടില്‍ ഉള്‍പ്പെടുത്തി 2.77 കോടി രൂപയുടെ പദ്ധതിയാണ് കൂനംപള്ള റോഡിനായി അനുവദിച്ചിരുന്നത്. കുത്തനെ കയറ്റമായ വനാതിര്‍ത്തി പ്രദേശമായ ഈ റോഡില്‍ 650 മീറ്റര്‍ കോണ്‍ക്രീറ്റ് ചെയ്യാനും ബാക്കിയുള്ള 3.5 കിലോമീറ്റര്‍ ഇന്റര്‍ ലോക്ക് ചെയ്യാനുമായിരുന്നു പദ്ധതി. ട്രൈബല്‍ വകുപ്പ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് പദ്ധതി നടത്തിപ്പ് നല്‍കിയിരിക്കുന്നത്. കാസര്‍ഗോഡ് സ്വദേശിയായ കരാറുകാരന് പണികള്‍ തുടങ്ങുന്നതിനായി മൊബിലൈസേഷന്‍ അഡ്വാന്‍സ് ഇനത്തില്‍ 40 ലക്ഷം രൂപ നല്‍കിയിരുന്നു. ഈ വര്‍ഷം ജൂണ്‍ മാസത്തോടെ തുടക്കത്തിലെ 200 മീറ്റര്‍ ആദ്യഘട്ട കോണ്‍ക്രീറ്റിംഗ് നടത്തുകയും ചെയ്തു. ഇന്റര്‍ ലോക്ക് ചെയ്യുന്നതിനായി മണ്പണികളും നടത്തി. എന്നാല്‍ പിന്നീട് പ്രവൃത്തി മുന്നോട്ടു നീങ്ങിയില്ല.
ശക്തമായ മഴയില്‍ മണ്‍പണികള്‍ ചെയ്ത ഭാഗങ്ങള്‍ സഞ്ചാര യോഗ്യമല്ലാത്ത രീതിയില്‍ തകര്‍ന്നു. ഇതോടെ കോളനി നിവാസികള്‍ എംഎല്‍എയ്ക്കും കളക്ടര്‍ക്കും നിവേദനം നല്‍കിയിരുന്നു. കളക്ടര്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കരാറുകാരനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് കോര്പ്പറേഷന് അധികൃതര്‍ പറയുന്നു. ഇതേത്തുടര്‍ന്ന് കരാറുകാരന് രജിസ്റ്റേര്‍ഡ് കത്തയച്ചു. കത്ത് സ്വീകരിച്ചിട്ടുണ്ടെങ്കിലും ഒരു മാസമായി മറുപടി നല്‍കിയിട്ടില്ല.
കാലാവധി മാര്‍ച്ച് വരെ
2020 മാര്‍ച്ച് 31 ന് പ്രവൃത്തി പൂര്‍ത്തിയാക്കേണ്ടതാണ്. ഇതിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പദ്ധതി ഉപേക്ഷിക്കേ ണ്ടിവരും. ഇങ്ങനെവന്നാല്‍ നബാര്‍ഡിന്റെ മറ്റു പദ്ധതികള്‍ ലഭ്യമാകുന്നതിനും ബുദ്ധിമുട്ടാകും. നിലവില്‍ കരാറുകാരനെ കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കോര്പറേഷന് അധികൃതര്‍ പറയുന്നു. പദ്ധതി തുടങ്ങാന്‍തന്നെ താമസം നേരിട്ടു. മൂന്നാമത്തെ ടെന്‍ഡറിലാണ് പണി തുടങ്ങിയത്. നിലവില്‍ കരാറുകാരന്റെ മറുപടി ലഭിച്ചാല്‍ മാത്രമേ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനു തുടര്‍നടപടികളുമായി മുന്നോട്ടുപോകാനാവൂ. റീ-ടെന്‍ഡര്‍ നല്കി പണി തുടരുന്നത് ഇനിയും വൈകുന്നതിലേക്കും പദ്ധതിതന്നെ നഷ്ടമാകുന്നതിനും കാരണമാകും.
ഒറ്റപ്പെട്ട് കൂനംപള്ള കോളനി
വയനാട് അതിര്‍ത്തി ഗ്രാമമായ വനാതിര്‍ത്തി പ്രദേശമായ ഇവിടെ 65 കുടുംബങ്ങളാണ് താമസിക്കുന്നത്. വാഹനസഞ്ചാരം തീരെ കുറവ്. കേളകത്തുനിന്ന് നാലു ചക്രവാഹനം എത്തണമെങ്കില്‍ 1800-ഓളം രൂപ വാടക നല്‍കണം. ഇരുചക്രവാഹനം മാത്രം പകുതിവരെ എത്തും. കോളനിയിലെ 30-ഓളം കുട്ടികള്‍ നിലവില്‍ പഠിക്കുന്നത് വയനാട് പേരിയയിലെ സ്കൂളില്‍. ഇവിടേക്ക് പോകുന്നത് വനത്തിനുള്ളിലൂടെ. ഇവിടെ 10-ാം ക്ലാസ് വരെ മാത്രമേയുള്ളൂ. പഠനം തുടരണമെങ്കില്‍ ഒമ്ബതു കിലോമീറ്റര്‍ അകലെ കേളകത്തെത്തണം.
നിലവില്‍ മൂന്നു കുട്ടികള്‍ കേളകത്തെത്തി പഠനം നടത്തുന്നു. കിട്ടുന്ന വാഹനങ്ങളിലും നടന്നുമൊക്കയാണ് ഇവര്‍ പഠനം നടത്തുന്നത്. റോഡില്‍ കുത്തനെ കയറ്റമുള്ള കുറച്ചുദൂരം മറ്റുമാര്‍ഗങ്ങളില്ലാതെ കോളനിക്കാര്‍ തന്നെ കോണ്‍ക്രീറ്റ് ചെയതു. കരാറുകാരനെ കണ്ടെത്തിയോപുതിയ ടെന്‍ഡര്‍ നല്‍കിയോ എങ്ങനെയായാലുംപണിപൂര്ത്തിയാക്കണ മെന്ന് കോളനിക്കാര്‍ പറയുന്നു.
0 Comments