താരപരിവേഷം ലഭിച്ചത് കണ്ണൂരിലെ റെയില്‍വേ എഎസ് ഐ പി.കെ അക്ബറിന്'സാര്‍ എന്താണിവിടെ കിടക്കുന്നത്? എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ? കണ്ണൂര്‍ റെയില്‍വേ പോലീസിന് അഭിനന്ദനവുമായി ഡോക്ടറുടെ കുറിപ്പ്
കൂത്തുപറമ്ബ്: മനുഷ്യത്വം എന്തെന്നറിയാതെ അഹങ്കാരം തലക്കുപിടിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലും മനസില്‍ നന്മ കാത്തുസൂക്ഷിക്കുന്ന ചിലരെങ്കിലും ഉണ്ടെന്ന് മനസിലാക്കാന്‍ തനിക്കൊരു യാത്ര നിമിത്തമായെന്ന് കോഴിക്കോട്ടെ ഇ.എന്‍.ടി.സ്പെഷലിസ്റ്റ് ഡോ.മുഹമ്മദ് കുഞ്ഞി ഫേസ് ബുക്കില്‍ കുറിച്ചപ്പോള്‍ അതിലൂടെ താരപരിവേഷം ലഭിച്ചത് കണ്ണൂരിലെ റെയില്‍വേ എഎസ് ഐ പി.കെ അക്ബറിന്. കണ്ണൂരിലെ ഒരു മീറ്റിംഗ് കഴിഞ്ഞ് കോഴിക്കോട്ടേക്കുള്ള മടക്കയാത്രയില്‍ തലകറക്കമനുഭവപ്പെട്ട് പ്രയാസപ്പെട്ടപ്പോഴായിരുന്നു സാന്ത്വനവുമായി ഇദ്ദേഹത്തിന്റെ അടുത്തേക്ക് അക്ബര്‍ എത്തിയത്.ഈ മാസം 13നായിരുന്നു സംഭവം. സംഭവത്തെകുറിച്ച് ഡോക്ടര്‍ ഫേസ് ബുക്കില്‍ കുറിച്ചത് ഇങ്ങനെ: കണ്ണൂരിലെ മീറ്റിംഗില്‍ പങ്കെടുത്ത് കോഴിക്കോട്ടേക്ക് മടങ്ങാന്‍ ട്രെയിന്‍ ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോമില്‍ എത്തിയപ്പോഴാണ് ഡോക്ടര്‍ക്ക് തലകറക്കം അനുഭവപ്പെട്ടത്. അതിനാല്‍ അവിടെയുള്ള സീറ്റിലിരുന്നു. ട്രെയിന്‍ കൃത്യസമയത്ത് എത്തിയെങ്കിലും എഴുന്നേല്ക്കാന് പോലുമാവാത്തതിനാല് ട്രെയിനില്‍ കയറാനായില്ല. ക്ഷീണത്തിന്റെ മയക്കത്തിലായപ്പോള്‍ പതുക്കെ തട്ടി വിളിക്കുന്നത് കേട്ടാണ് ഡോക്ടര്‍ മയക്കത്തില്‍ നിന്നും ഉണര്‍ന്നത്.
'സാര്‍ എന്താണിവിടെ കിടക്കുന്നത്? എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ? ചോദ്യം കേട്ട് ഉണര്‍ന്നു നോക്കിയപ്പോള്‍ സമീപത്ത് ഒരു പോലീസ് ഓഫീസര്‍ നില്ക്കുന്നു. വയ്യാതെ കിടക്കുകയാണെങ്കിലും ആ ചോദ്യം മനസിന് വല്ലാതൊരു കുളിര്‍മ നല്‍കിയതായി ഡോക്ടര്‍ പറയുന്നു.സാറിനെ റെയില്‍വേ ഹോസ്പിറ്റലിലേക്കു കൊണ്ടു പോകാം, അല്ലെങ്കില്‍ ഡോക്ടറെ ഇങ്ങോട്ടു വരുത്താമെന്നു കൂടി പോലീസ് ഓഫീസര്‍ പറഞ്ഞപ്പോള്‍ ചെറിയ തലകറക്കമാണെന്നും അല്പം വിശ്രമിച്ചാല്‍ മാറുമെന്നും പറഞ്ഞ് ഡോക്ടര്‍ ഒഴിഞ്ഞുമാറി.
എന്നാല്‍ സോഡയോ ചായയോ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും ഒന്നും വേണ്ടന്നായിരുന്നു ഡോക്ടറുടെ മറുപടി. എന്നെ ശുശ്രൂഷിക്കാന്‍ ഉത്തരവാദപ്പെട്ട ആരോ നിയോഗിച്ചതു പോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും മനുഷ്യത്വത്തിന്റേയും സഹാനുഭൂതിയുടേയും മുഖമാണ് ഞാന്‍ അവിടെ കണ്ടതെന്നും ഡോക്ടര്‍ ഫേസ് ബുക്കില്‍ കുറിച്ചു. വൈകുന്നേരം ആറോടെ യശ്വന്തപുരം ട്രെയിന്‍ എത്തിയപ്പോള്‍ മറ്റൊരു പോലീസ് കോണ്‍സ്റ്റബിളിനേയും കൂട്ടി ഡോക്ടറെ കംപാര്‍ട്ടുമെന്റില്‍ കയറ്റുകയും അതിലൊരു യാത്രക്കാരിയോട് കോഴിക്കോട് വരെ ഒന്ന് ശ്രദ്ധിക്കണമെന്നും ഇറങ്ങാന്‍ സഹായിക്കണമെന്നു മെല്ലാം ആ പോലീസ് ഓഫീസര്‍ പറഞ്ഞേല്‍പ്പിക്കുകയും ചെയ്തു. ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ ഷാജി, പുരുഷോത്തമന് എന്നീ കോണ്‍സ്റ്റബിള്‍മാരും കോഴിക്കോട് എത്തുന്നതു വരെ ഇടയ്ക്കിടെ എന്റെ അടുത്ത് വന്നിരുന്ന് കാര്യങ്ങള്‍ അന്വേഷിച്ചതായും കാക്കിക്കുള്ളിലെ മഹത്വം തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അതെന്നും ഡോക്ടര്‍ ഫേസ് ബുക്കില്‍ കുറിക്കുന്നു. ഈ സംഭവം ഫേസ്ബുക്കിലൂടെ വായിച്ച് നിരവധി പേരാണ് എഎസ്ഐ അക്ബറിനും റെയില്‍വേ പോലീസിനും അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ഒട്ടേറെ പേര് ലൈക്കും ഷെയറും ചെയ്തതോടെ കുറിപ്പ് വൈറലുമായി. കഴിഞ്ഞ ഒരു വര്‍ഷമായി കണ്ണൂര്‍ റെയില്‍വേ എഎസ്ഐയായി ജോലി ചെയ്യുന്ന പി.കെ.അക്ബര്‍ എന്ന നാല്‍പ്പത്തിയെട്ടുകാരന്‍ മട്ടന്നൂര്‍ കട്ടന്‍ കവര്‍ സ്വദേശിയാണ്.ജനമൈത്രി പോലീസിന്റെ ചുമതല കൂടിയുണ്ട് ഇദ്ദേഹത്തിന്.


0 Comments