കുഞ്ഞിനെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ കിടത്തി അമ്മ ട്രെയിനിന് മുന്നില്‍ ചാടി; കുഞ്ഞ് മരിച്ച നിലയില്‍






തിരൂര്‍: കൈക്കുഞ്ഞിനെ ഉപേക്ഷിച്ച്‌ തീവണ്ടിക്കുമുന്നില്‍ ചാടി അമ്മയുടെ ആത്മഹത്യാശ്രമം. കുഞ്ഞിനെ പിന്നീട് കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമ്മയെ ആശുപത്രിയിലാക്കി. കണ്ണൂര്‍ സ്വദേശിയായ പ്രജിഷ(38)യാണ് തിങ്കളാഴ്ച രാത്രി തിരൂര്‍ റെയില്‍വേസ്‌റ്റേഷന് സമീപം തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.

പരിക്കേറ്റ ഇവരെ ആദ്യം തിരൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാര്‍ക്ക് ലഭിച്ച ഫോണ്‍നമ്ബറില്‍ ബന്ധപ്പെട്ടപ്പോഴാണ് കൂടെ കുഞ്ഞുള്ള വിവരം അറിയുന്നത്. ഇതേ തുടര്‍ന്ന് നാട്ടുകാരും അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജില്ലാ മെഡിക്കല്‍ സ്‌റ്റോറിനടുത്തുള്ള പഴയ കെട്ടിടത്തില്‍ കുഞ്ഞിനെ കണ്ടെത്തിയത്.
ഉടന്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്. കുഞ്ഞിനെ ഉപേക്ഷിച്ച്‌ അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്ന് പോലീസ് പറഞ്ഞു.

കുടുംബപ്രശ്‌നമാകാം കാരണമെന്നു കരുതുന്നു. കണ്ണൂര്‍ സ്വദേശിയാണ് പ്രജിഷ. ഗുരുവായൂരിലേക്കാണ് ഇവരെ വിവാഹം കഴിച്ചത്. പട്ടാമ്ബിയില്‍നിന്നാണ് ഇവര്‍ തീവണ്ടി കയറിയതെന്നാണ് സൂചന. ആത്മഹത്യാ ശ്രമം നടത്തിയതിന് സമീപത്ത് തന്നെയുള്ള പഴയൊരു കെട്ടിടത്തിലാണ് ഇവര്‍ കുഞ്ഞിനെ കിടത്തിയിരുന്നത്.