റണ്‍വേ നവീകരണം; നെടുമ്ബാശ്ശേരി വിമാനത്താവളം ഇന്നുമുതല്‍ പകല്‍ അടച്ചിടും
കൊച്ചി: റണ്‍വേ നവീകരണ പ്രവൃത്തികള്‍ക്ക് തുടങ്ങുന്നതിനാല്‍ ഇന്നുമുതല്‍ നെടുമ്ബാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പകല്‍സമയം വിമാനസര്‍വീസുകള്‍ ഉണ്ടാകില്ല. 24 മണിക്കൂര്‍ പ്രവര്‍ത്തന സമയം ഇന്ന് മുതല്‍ 16 മണിക്കൂര്‍ ആയി ചുരുങ്ങും. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ വിമാനത്താവള റണ്‍വേ അടയ്ക്കും. മാര്‍ച്ച് ഇരുപത്തിയെട്ടു വരെയാണ് നിയന്ത്രണം.
രാവിലെയും വൈകുന്നേരവും തിരക്കു പ്രതീക്ഷിക്കുന്നതിനാല്‍ ചെക്ക്-ഇന്‍ സമയം വര്‍ധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാര്‍ക്ക് ഇനി മൂന്നു മണിക്കൂര്‍ മുന്‍പും രാജ്യാന്തര യാത്രക്കാര്‍ക്കു നാല് മണിക്കൂര്‍ മുന്‍പും ചെക്ക്-ഇന്‍ നടത്താം.
റണ്‍വേ റീ കാര്‍പ്പറ്റിങ് ജോലികള്‍ക്കായാണ് പകല്‍ സര്‍വീസുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇതിനായി വിമാന സര്‍വീസുകളുടെ സമയം പുനക്രമീകരിച്ചു. അഞ്ചു സര്‍വീസുകള്‍ മാത്രമാണ് റദ്ദാക്കുന്നത്. മറ്റു സര്‍വീസുകള്‍ രാത്രിയിലേക്കു മാറ്റി.
3400 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ളതാണ് സിയാല്‍ റണ്‍വേ. പഴക്കം കൂടുന്തോറും റണ്‍വേയുടെ മിനുസം കൂടുന്നതിനാല്‍ പ്രതലം പരുക്കനായി നിലനിര്‍ത്താനാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 150 കോടി രൂപ ചിലവിട്ടാണ് നവീകരണം. റണ്‍വേ, ടാക്സി ലിങ്കുകള്‍ എന്നിവയുള്‍പ്പെടെ അഞ്ചു ലക്ഷം ചതുരശ്ര മീറ്റര്‍ ഭാഗത്താണ് റീ-സര്‍ഫിംഗ് ജോലികള്‍ നടക്കുന്നത്.


0 Comments