നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍ കുതിക്കുന്നു; 13 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍ ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വയനാട് പൂത്താടി കുടുംബാരോഗ്യ കേന്ദ്രം (97%), കോഴിക്കോട് താമരശേരി ഗവ. താലൂക്ക് ആശുപത്രി (93.6%), കണ്ണൂര്‍ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം (93%), കണ്ണൂര്‍ കതിരൂര്‍ കുടുംബാരോഗ്യ കേന്ദ്രം (93%), എറണാകുളം പായിപ്പറ കുടുംബാരോഗ്യ കേന്ദ്രം (92%), കോട്ടയം വെള്ളിയാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം (92%), കോഴിക്കോട് കല്ലുനിറ യു.പി.എച്ച്‌.സി. (90.6%), എറണാകുളം കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രം (90%), കാസര്‍ക്കോട് മുള്ളയേരിയ കുടുംബാരോഗ്യ കേന്ദ്രം (90%), കണ്ണൂര്‍ കൂവോട് യു.പി.എച്ച്‌.സി. (88.9%), കോഴിക്കോട് ഇടച്ചേരി കുടുംബാരോഗ്യ കേന്ദ്രം (88%) കോട്ടയം കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രം (85%) മലപ്പുറം പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം (84%) എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യൂ.എ.എസ്. ബഹുമതി നേടിയത്.
ആരോഗ്യ മേഖലയില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമാണ് തുടര്‍ച്ചയായുളള ദേശീയ ഗുണനിലവാര അംഗീകാരമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ 140 സര്‍ക്കാര്‍ ആശുപത്രികളെങ്കിലും എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ആരോഗ്യ വകുപ്പ് പരിശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നിന്നും 55 സ്ഥാപനങ്ങളാണ് ഇതുവരെ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയെടുത്തിട്ടുള്ളത്. ഇതു കൂടാതെ 10 ആശുപത്രികള്‍ക്ക് കൂടി സംസ്ഥാനതല പരിശോധന കഴിഞ്ഞ് ദേശീയതല പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്. ഇതോടുകൂടി രാജ്യത്തെ മികച്ച പി.എച്ച്‌.സി. ഗണത്തില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം കരസ്ഥമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം, ഒറ്റശേഖരമംഗലം, പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം അടുത്തിടെ 99% സ്‌കോറോടെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കാസര്‍ഗോഡ് കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രവും 99% മാര്‍ക്ക് കരസ്ഥമാക്കിയിരുന്നു.

ജില്ലാ തല ആശുപത്രികളുടെ ഗണത്തില്‍ ഡബ്ല്യൂ & സി കോഴിക്കോട് 96% മാക്കുകള്‍ നേടി ഇന്ത്യയിലെ തന്നെ ഒന്നാം സ്ഥാനം പങ്ക് വെയ്ക്കുന്നു. സബ്ജില്ലാ ആശുപത്രികളുടെ ഗണത്തില്‍ 98.7% മാര്‍ക്കുകള്‍ നേടി താലൂക്ക് ആശുപത്രി ചാലക്കുടി ഇന്ത്യയില്‍ ഒന്നാമതെത്തി. 12 സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യൂ.എ.എസ്. അംഗീകാരം കരസ്ഥമാക്കിയ കണ്ണൂര്‍ ജില്ല ഒരു ഡസന്‍ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ലയായി മാറി.