2020 ഓടുകൂടി കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഈ ലക്ഷ്യത്തിന്റെ ഭാഗമായാണ് വടക്കന്‍ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബി ആര്‍ ഡി സി) നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഉത്തരമലബാര്‍ ടൂറിസം- അവസരങ്ങളുടെ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
വടക്കന്‍ മലബാര്‍ ഈ രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് നടത്താന്‍ പോകുന്നത്. കേരളത്തിലെ മറ്റേത് സ്ഥലങ്ങളെയും വെല്ലുന്ന പ്രകൃതി ഭംഗിയും സാംസ്‌കാരിക വൈവിധ്യവുമുള്‍ക്കൊള്ളുന്ന പ്രദേശമായിട്ടുപോലും സമഗ്രമായ വിനോദസഞ്ചാര വികസനം ഈ പ്രദേശത്ത് കൊണ്ടുവരാന്‍ നമുക്ക് സാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ വടക്കന്‍ മലബാറില്‍ പ്രത്യേക ശ്രദ്ധ നല്‍കികൊണ്ടുള്ള അനവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ ബന്ധിപ്പിച്ച് പുതിയ ടൂറിസം സര്‍ക്ക്യൂട്ട് രൂപപ്പെടുത്താനുള്ള പദ്ധതി സര്‍ക്കാറിന്റെ ആലോചനയിലാണ്. 325 കോടി രൂപ അടങ്കല്‍ തുക വരുന്ന മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഒരു ഘട്ടം ഉദ്ഘാടനത്തിന് ഒരുങ്ങിക്കഴിഞ്ഞു. തലശേരി ഹെറിറ്റേജ് പദ്ധതി കൂടുതല്‍ വിശാലമായ തലത്തില്‍ കണ്ണൂര്‍, വയനാട് ജില്ലകളിലെ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള വിപുലമായ പദ്ധതിയാണ് ആവിഷ്‌ക്കരിക്കുന്നത്. ധര്‍മ്മടം, മുഴപ്പിലങ്ങാട്  പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 
കഴിഞ്ഞ സര്‍ക്കാറുകള്‍ നല്‍കിയതിനേക്കാള്‍ വികസനത്തിന് ആവശ്യമായ പിന്തുണയും ധനസഹായവും ഈ സര്‍ക്കാര്‍ ഉത്തരമലബാറിന് നല്‍കിയിട്ടുണ്ട്. ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ സംരംഭകര്‍ക്ക് സാധിക്കണം. ഉത്തര മലബാറിലെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ മൂന്നര വര്‍ഷത്തിനുള്ളില്‍ വലിയ വര്‍ധനയാണുണ്ടായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചേംബര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അധ്യക്ഷനായി. മേയര്‍ സുമ ബാലകൃഷ്ണന്‍, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷ സി സീനത്ത്, ബി ആര്‍ ഡി സി മാനേജിംഗ് ഡയറക്ടര്‍ ടി കെ മന്‍സൂര്‍, എന്‍ എം സി സി പ്രസിഡന്റ് കെ വിനോദ് നാരായണന്‍, സെക്രട്ടറി കെ വി ഹനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.