കേരള ജല അതോറിറ്റി പയ്യന്നൂര്‍ വാട്ടര്‍ സപ്ലൈ ഡിവിഷന്‍, വാട്ടര്‍ സപ്ലൈ സെക്ഷന്‍, പ്രൊജക്ട് സബ് ഡിവിഷന്‍ ഓഫീസുകളുടെ പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം ജല വിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 60 ശതമാനം വീടുകളില്‍ ശുദ്ധജലം ലഭ്യമാക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.    പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ വികസന, നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നടത്തുന്ന ഇടപെടലിന് സി കൃഷ്ണന്‍ എംഎല്‍എ യെ മന്ത്രി അഭിനന്ദിച്ചു.
ചടങ്ങില്‍ സി കൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായി. കേരള ജല അതോറിറ്റി സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ പി ഗോപാലന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള ജല അതോറിറ്റി ബോര്‍ഡ് അംഗം ടി വി ബാലന്‍, പയ്യന്നൂര്‍ നഗരസഭാധ്യക്ഷന്‍ അഡ്വ.ശശി വട്ടക്കൊവ്വല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ടി പി നൂറുദ്ദീന്‍, ജല അതോറിറ്റി ഉത്തരമേഖല ചീഫ് എഞ്ചിനീയര്‍ ബി ഷാജഹാന്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.