തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആദരവ് നാളെ 
ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ തദ്ദേശസ്വയംഭരണ  സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം.  തിരുവനന്തപുരം വഴുതക്കാട് മൗണ്ട് കാര്‍മല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നാളെ ( നവംബര്‍ 27) രാവിലെ 10നാണ്  പരിപാടി.  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി  മൊയ്തീന്റെ അധ്യക്ഷതയില്‍ ധനകാര്യ വകുപ്പ്  മന്ത്രി  തോമസ് ഐസക്ക്  ചടങ്ങ് ഉദ്ഘാടനം  ചെയ്യും.  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവാര്‍ഡ് ജേതാക്കളെ ആദരിക്കും.  ഡോ. ശശി തരൂര്‍ എം പി, വി എസ് ശിവകുമാര്‍ എം എല്‍ എ,  തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍, വിവിധ വകുപ്പ്  മേധാവികള്‍, അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമപഞ്ചായത്ത് ഡെവലപ്‌മെന്റ് പ്ലാന്‍-  2019 അവാര്‍ഡില്‍ പ്രഥമ സ്ഥാനം നേടിയ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്,  2019 സ്വച്ഛ് ഭാരത് പുരസ്‌കാരം നേടിയ പടിയൂര്‍ കല്യാട് ഗ്രാമപഞ്ചായത്ത്, ദേശീയ ജല അവാര്‍ഡ് നേടിയ കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത്, ചൈല്‍ഡ് ഫ്രണ്ട്‌ലി ഗ്രാമപഞ്ചായത്ത് അവാര്‍ഡ് -2019 നേടിയ കോലഴി ഗ്രാമപഞ്ചായത്ത്, ദീന്‍ ദയാല്‍ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരണ്‍ പുരസ്‌കാര്‍- 2019ന് അര്‍ഹമായ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്, മാറഞ്ചേരി ഗ്രാമപഞ്ചായത്ത്, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്, ദീന്‍ ദയാല്‍ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരണ്‍ പുരസ്‌കാരവും  നാനാജി ദേശ്മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭ പുരസ്‌കാരവും നേടിയ തിരുന്നാവായ ഗ്രാമപഞ്ചായത്ത്, സ്വച്ഛ് ഐക്കണ്‍ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട കാലടി ഗ്രാമപഞ്ചായത്ത്, കേരള സ്റ്റേറ്റ് അവാര്‍ഡ് ഫോര്‍ ഇന്നൊവേഷന്‍സ് ഇന്‍ പബ്ലിക്ക് സര്‍വ്വീസില്‍ ഡെവലപ്‌മെന്റ് ഇന്റര്‍വെന്‍ഷന്‍ വിഭാഗത്തില്‍ അവാര്‍ഡ് നേടിയ ബുധനൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയ്ക്കാണ് ആദരം.
വൃത്തി, വെള്ളം, വിളവ് എന്നീ മേഖലകളില്‍ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് കാഴ്ചവെച്ച  പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. ‘മണ്ണിന് മനുഷ്യന് ഭാവിക്ക്’ എന്ന സന്ദേശവുമായി  പടിയൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ ' ആരാമം  പടിയൂര്‍' പദ്ധതിയാണ് പഞ്ചായത്തിനെ അവാര്‍ഡിനര്‍ഹമാക്കിയത്.