കുടിവെള്ള പൈപ്പ് പൊട്ടല്‍:
പരിഹരിക്കാന്‍ പ്രത്യേക സംവിധാനം വേണം
ജില്ലാ വികസന സമിതി
കുടിവെള്ള പൈപ്പുകളില്‍ പൊട്ടലുണ്ടാകുമ്പോള്‍ 24 മണിക്കൂറിനുള്ളില്‍ പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കണമെന്ന് ജില്ലാ വികസന സമിതി. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ആഴ്ചകള്‍ തുടര്‍ന്നാലും ബന്ധപ്പെട്ടവര്‍ ആവശ്യമായ നടപടി കൈകൊള്ളുന്നില്ലെന്നും ഇത് ജനങ്ങളില്‍ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ടെന്നും ടി വി രാജേഷ് എം എല്‍ എ യോഗത്തില്‍ അറിയിച്ചു. പൈപ്പ് പൊട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിന് കെ എസ് ഇ ബി മാതൃകയില്‍ സംവിധാനമുണ്ടാകണം. ഇതിന് വാട്ട്‌സ്ആപ്പ് പോലുള്ള മാധ്യമങ്ങള്‍ ഉപയോഗിക്കാവുന്നതാണെന്നും എം എല്‍ എ പറഞ്ഞു.
റോഡ് പ്രവൃത്തികള്‍ യഥാസമയം പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടികള്‍ ഉദ്യോഗസ്ഥര്‍ കൈകൊള്ളമെന്ന് എം എല്‍ എമാരായ ടി വി രാജേഷ്, കെ സി ജോസഫ്, സണ്ണി ജോസഫ് എന്നിവര്‍ യോഗത്തില്‍ നിര്‍ദേശിച്ചു. റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത് ജനങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും എം എല്‍ എമാര്‍ പറഞ്ഞു. വകുപ്പുകള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ജനങ്ങളെ ബാധിക്കരുത്. പദ്ധതികളുടെ നടത്തിപ്പിന് ഉദ്യോഗസ്ഥര്‍ക്ക് നേരിടുന്ന തടസങ്ങള്‍ ജനപ്രതിനിധികളെ അറിയിക്കണമെന്നും കാലതാമസമില്ലാതെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്നും എം എല്‍ എമാര്‍ അറിയിച്ചു.
പ്രളയത്തെത്തുടര്‍ന്ന് പുഴകളില്‍ അടിഞ്ഞുകൂടിയ മണല്‍, മരം, കല്ല് എന്നിവ നീക്കം ചെയ്യുന്നത് സംബന്ധിച്ച് മേജര്‍ ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പുഴകളുടെ സ്വാഭാവിക ഒഴുക്കിന് തടസം സൃഷ്ടിക്കുന്ന രീതിയില്‍ മണല്‍ത്തിട്ടകള്‍ അടിഞ്ഞുകൂടിയിട്ടുണ്ടെന്നും ഇത്തരത്തില്‍ അടിഞ്ഞുകൂടിയ മണല്‍ തിട്ടപ്പെടുത്തുന്നതിന് സാന്റ് ഓഡിറ്റ് നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുഴകളില്‍ അടിഞ്ഞു കൂടിയ മരം നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്താവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. അഞ്ചരക്കണ്ടി, ബാവലി പുഴകളില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യുന്നതിന് പ്രത്യേക സ്‌കീം നടപ്പാക്കുമെന്ന് വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടടര്‍ ടി വി സുഭാഷ് യോഗത്തില്‍ അറിയിച്ചു. പ്രളയത്തിന് ശേഷം വിവിധ വകുപ്പുകള്‍ കൈക്കൊണ്ട നടപടികള്‍ പരിശോധിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച ശ്രീകണ്ഠാപുരം- ചെങ്ങളായി മേഖലയിലെ വ്യാപാരികളുടെ വിവരങ്ങള്‍ വ്യാവസായിക വകുപ്പ് കണക്കാക്കിയിട്ടുണ്ടെന്നും വീടുകളില്‍ വെള്ളം കയറി ബന്ധുവീട്ടില്‍ താമസിച്ചവര്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണെന്നും കെ സി ജോസഫ് എം എല്‍ എയുടെ ചോദ്യത്തിന് മറുപടിയായി അധികൃതര്‍ യോഗത്തെ അറിയിച്ചു. ശ്രീകണ്ഠാപുരം ചെങ്ങളായി മേഖലയില്‍ പ്രളയത്തെത്തുടര്‍ന്ന് 153 വ്യവസായ സ്ഥാപനങ്ങള്‍ക്കായി 2099 ലക്ഷം രൂപയും 927 വാണിജ്യ സ്ഥാപനങ്ങള്‍ക്കായി 4923 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായി വ്യവസായ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
കെട്ടിടങ്ങളുടെയും മരങ്ങളുടെയും മുകളിലായി സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കോര്‍പ്പറേഷന്‍- നഗരസഭ പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രം 2370 ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും ഈ ഇനത്തില്‍ 1.7 ലക്ഷം രൂപ പിഴയീടാക്കിയതായും അവര്‍ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജിന് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് ടി വി രാജേഷ് യോഗത്തില്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍- കൂത്തുപറമ്പ് റോഡിലെ മൗവ്വേരിയില്‍ പി ഡബ്ല്യൂ ഡി റോഡിന്റെ ടാര്‍ ചെയ്ത ഭാഗം ഒഴികെയുള്ള ഭാഗത്തിന് സ്വകാര്യ വ്യക്തി അവകാശമുന്നയിച്ചിട്ടുണ്ടെന്നും ഇത് ഗൗരവതരമായി കാണമെന്നും മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി യോഗത്തില്‍ ആവശ്യപ്പെട്ടു. എടക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡയാലിലിസ് സെന്റര്‍ ഉടന്‍ തുറന്നുകൊടുക്കണമെന്നും നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നും യോഗം നിര്‍ദേശിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കെ സുധാകരന്‍ എം പി, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കെ പ്രകാശന്‍, മന്ത്രിമാരുടെ പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments