സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ വായ്പാ മൊറട്ടോറിയം; അവസാന തിയതി നവംബര്‍ 25

തൃശൂര്‍ : സംസ്ഥാന സര്‍ക്കാര്‍ പ്രളയബാധിതമായി പ്രഖ്യാപിച്ച വില്ലേജുകളില്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതി നടപ്പാക്കുന്ന വായ്പാ മൊറട്ടോറിയത്തിനു അപേക്ഷിക്കേണ്ട അവസാന തിയതി നവംബര്‍ 25 ആണെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. 2019 ജൂലായ് 31ന് വായ്പ കുടിശ്ശിക ഇല്ലാത്ത വായ്പകള്‍ക്കാണ് മൊറട്ടോറിയം ആനുകൂല്യം. അര്‍ഹരായവര്‍ വായ്പ എടുത്ത ബാങ്ക് ശാഖയില്‍ നവംബര്‍ 25നു മുമ്ബായി അപേക്ഷ നല്‍കണം. വൈകിയാല്‍ അവസരം നഷ്ടപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

ജില്ലയില്‍ 215 വില്ലജുകളാണ് പ്രളയബാധിതമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ചാലക്കുടി താലൂക്കില്‍ 27, ചാവക്കാട് താലൂക്കില്‍ 28, കൊടുങല്ലൂര്‍- 14, കുന്നംകുളം-11, മുകുന്ദപുരം-29, തലപ്പിള്ളി-33, തൃശൂര്‍-73 എന്നിവയാണ് പ്രളയബാധിതം. പ്രളയ ബാധിത വില്ലേജുകളുടെ വിവരം റവന്യൂ ഓഫീസുകളില്‍ നിന്നും ലഭിക്കും.
വായ്പാ തിരിച്ചടവിനു സാവകാശം നല്‍കുന്നതാണ് മൊറട്ടോറിയം. മൊറട്ടോറിയം കാലത്ത് ബാങ്കുകള്‍ നിലവിലെ പലിശ ഈടാക്കും. കാലാവധിക്കു ശേഷം ഈ പലിശ മുതലിനോട് ചേര്‍ത്ത് ഈ പുതുക്കിയ ഗഡു കണക്കാക്കുകയാണു ചെയ്യുക. ഹ്രസ്വകാല, ദീര്‍ഘകാല കൃഷി വായ്പകള്‍, കൃഷി അനുബന്ധ വായ്പകള്‍, സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭം ഭവന വിദ്യാഭ്യാസ വായ്പ എന്നിവയ്ക്കു മൊറട്ടോറിയം ലഭിക്കും.

വിദ്യാഭ്യാസ വായ്പകള്‍ക്കു ആറ് മാസവും മറ്റുള്ളവയ്ക്കു 12 മുതല്‍ 18 മാസം വരെയുമാണ് മൊറട്ടോറിയം നല്‍കുക. പ്രകൃതി ക്ഷോഭത്തില്‍ വിളനാശം സംഭവിച്ചവര്‍ക്ക് ജില്ലയിലെ ഉല്‍പാദന വായ്പ തോത് അനുസരിച്ചുളള പുതിയ വായ്പയ്ക്കും അര്‍ഹത ഉണ്ടായിരിക്കും. കഴിഞ്ഞ വര്‍ഷം മൊറട്ടോറിയം ലഭിച്ചവരുടെ വില്ലേജ് ഇത്തവണയും പ്രളയ ബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ ഈ വര്‍ഷവും അര്‍ഹത ഉണ്ടായിരിക്കും. കഴിഞ്ഞ വര്‍ഷം അപേക്ഷിക്കാത്തവര്‍ക്ക് കുടിശ്ശിക ഇല്ലെങ്കില്‍ ഈ വര്‍ഷം അപേക്ഷിക്കാം.