കോഴിക്കോട് - ബെംഗളൂരു ഇന്റര്‍സിറ്റി ട്രെയിന്‍ വരുന്നു

കോഴിക്കോട്: മലബാറിലെ തീവണ്ടിയാത്രാക്കാര്‍ക്ക് ആശ്വാസമായി പുതിയ പ്രഖ്യാപനങ്ങള്‍. കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ പുതിയ ഇന്റര്‍സിറ്റി, മലബാറിന് മെമു സര്‍വീസ്, പിറ്റ്‌ലൈന്‍, കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ഷൊര്‍ണൂര്‍വരെ ദീര്‍ഘിപ്പിക്കല്‍ എന്നിവയാണ് പ്രഖ്യാപനങ്ങള്‍. പാസഞ്ചര്‍ രാത്രിയും സര്‍വീസ് നടത്തും.

ചൊവ്വാഴ്ച കോഴിക്കോട്ടെത്തിയ സതേണ്‍ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് ഓപ്പറേഷന്‍സ് മാനേജര്‍ എസ്. അനന്തരാമനുമായി എം.കെ. രാഘവന്‍ എം.പി. നടത്തിയ ചര്‍ച്ചയിലാണ് നാലു പദ്ധതികള്‍ക്ക് അനുമതിയായത്.

പാഴ്‌സല്‍ കയറ്റിറക്കുസമയം അഞ്ചുമിനിറ്റായി വര്‍ധിപ്പിക്കണമെന്നും പരശുറാം എക്സ്പ്രസില്‍ കോച്ചുകള്‍ കൂട്ടണമെന്നുമുള്ള എം.പി.യുടെ ആവശ്യങ്ങളും അദ്ദേഹം അംഗീകരിച്ചു.