മെക്കാഡം റോഡുണ്ട്; അറയങ്ങാട് പാലം വഴി തൃക്കടാരിപ്പൊയിലിലേക്ക് ബസ്സുകളില്ല
മാലൂര്‍: കോളയാട്ടുനിന്നുള്ള ആലച്ചേരി, അറയങ്ങാട്, തൃക്കടാരിപ്പൊയില്‍, മട്ടന്നൂര്‍ റോഡ് മെക്കാഡം ടാര്‍ ചെയ്തിട്ട് മാസങ്ങളായെങ്കിലും ഇതുവഴി തൃക്കടാരിപ്പൊയിലിലേക്ക് ബസ് ഓടാത്തത് യാത്രാക്ലേശം രൂക്ഷമാക്കി. അറയങ്ങാട് പുഴയ്ക്ക് പാലം പണിത് ഗതാഗതം സുഗമമാക്കിയ ഈ റോഡില്‍ക്കൂടി ഉടന്‍ ബസ് റൂട്ടുകള്‍ അനുവദിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കൂത്തുപറമ്ബ്-കോളയാട് വഴി ആലച്ചേരിയിലേക്ക് നിലവില്‍ ഏഴ് ബസ്സുകള്‍ ഓടുന്നുണ്ട്. ഇതില്‍ മൂന്നെണ്ണം അറയങ്ങാട് സ്റ്റേഹ ഭവന്‍വരെ സര്‍വീസ് നടത്തുന്നുണ്ട്.
സ്നേഹഭവന്‍ മുതല്‍ തൃക്കടാരിപ്പൊയില്‍ ബസ് സ്റ്റാന്‍ഡിലേക്ക് ഒന്നരക്കിലോമീറ്ററാണുള്ളത്. ആലച്ചേരിയില്‍നിന്ന് തൃക്കടാരിപ്പൊയിലിലേക്ക് മൂന്നുകിലോമീറ്ററുമാണ്. ആലച്ചേരി, സ്നേഹഭവന്‍ എന്നിവിടങ്ങളില്‍ ട്രിപ്പ് അവസാനിപ്പിക്കുന്ന ബസ്സുകള്‍ തൃക്കടാരിപ്പൊയില്‍ ബസ് സ്റ്റാന്‍ഡ് വരെ നീട്ടിയാല്‍ ജനങ്ങള്‍ക്ക് വളരെയേറെ പ്രയോജനപ്പെടും.
തൃക്കടാരിപ്പൊയിലില്‍ എത്തിയാല്‍ യാത്രക്കാര്‍ക്ക് പേരാവൂര്‍, മാലൂര്‍, തില്ലങ്കേരി, മട്ടന്നൂര്‍ എന്നീ ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്താനാകും. മികച്ച റോഡും അറയങ്ങാട് പുഴയ്ക്ക് പാലവും വന്നിട്ടും ബസ്സുകള്‍ തൃക്കടാരിപ്പൊയിലിലേക്ക് വരാത്തതിനാല്‍ നാട്ടുകാര്‍ ബുദ്ധിമുട്ടുകയാണെന്ന് അറയങ്ങാട്ട് താമസിക്കുന്ന സാമൂഹികപ്രവര്‍ത്തകനും റിട്ട. ഡിവൈ.എസ്.പി.യുമായ പി.സി. ബാബു പറഞ്ഞു.


0 Comments