കാലവര്‍ഷം: ചെറുകുന്നില്‍ ഏക്കര്‍കണക്കിന് നെല്‍ക്കൃഷി നശിച്ചു



ചെറുകുന്ന്: കാലവര്‍ഷക്കെടുതിയില്‍ ചെറുകുന്ന് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ഏക്കര്‍കണക്കിന് നെല്‍ക്കൃഷി നശിച്ചു. വടക്കേഭാഗം, നെടുപുറം പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കാണ് കാലവര്‍ഷം തിരിച്ചടിയായത്.

ചെറുകുന്ന് ദാലില്‍ നെല്‍ക്കൃഷി നടത്തിയ താവത്തെ അനില്‍കുമാറിന് ഒരേക്കറോളം നെല്‍ക്കൃഷി നശിച്ചു. കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത ജൈവ ഇനത്തില്‍പ്പെട്ട നെല്ലാണ് കൃഷിചെയ്തത്. മഴയ്ക്ക് മുന്‍പ് കൊയ്ത്തുയന്ത്രം ലഭിക്കാത്തതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. മഴയില്‍ നെല്‍ച്ചെടികള്‍ നിലംപതിക്കുകയും നെല്‍മണികള്‍ മുളച്ചുതുടങ്ങുകയും ചെയ്തു. അരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് അനില്‍കുമാര്‍ ഇക്കുറി കൃഷിപ്പണി ചെയ്തത്.

വര്‍ഷങ്ങളായി നെല്‍ക്കൃഷി നടത്തിവരുന്ന അനില്‍കുമാര്‍ കൃഷി നഷ്ടമാണെന്ന് അറിഞ്ഞിട്ടും കൃഷിയോടുള്ള സ്നേഹംകൊണ്ടാണ് ഈ രംഗത്ത് തുടരുന്നത്. ശക്തമായ മഴയ്ക്ക് മുന്‍പ് കൊയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ മികച്ച വിളവ് ലഭിക്കുമായിരുന്നുവെന്ന് അനില്‍ കുമാര്‍ പറഞ്ഞു.

ബാങ്കില്‍നിന്ന്‌ വായ്പയെടുത്ത് നെല്‍ക്കൃഷിക്ക് ഇറങ്ങിയ ജെ.എല്‍.ജി. ഗ്രൂപ്പുകള്‍ക്കും വ്യാപകമായി നെല്‍ക്കൃഷി നശിച്ചു. എന്തുചെയ്യണമെന്നറിയാതെ ദുരിതത്തിലായിരിക്കുകയാണ് ഇവര്‍.

സര്‍ക്കാരില്‍നിന്ന് നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷ മാത്രമാണ് ഈ കര്‍ഷകര്‍ക്കുള്ളത്. കാലവര്‍ഷത്തില്‍ നെല്‍ക്കൃഷി നശിച്ച മുഴുവന്‍ നെല്‍ക്കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് കല്യാശ്ശേരി ബ്ലോക്ക് ഗ്രാമവികസന സമിതി അധികൃതരോടാവശ്യപ്പെട്ടു.