ആനപ്പന്തി വാതക ശ്മശാനം നാടിന് സമർപ്പിച്ചു
ഇരിട്ടി : ആനപ്പന്തി എസ്എൻഡിപി ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ മുണ്ടയാംപറമ്പിൽ നിർമ്മിച്ച ആധുനിക ഗ്യാസ് ശ്മശാനം യോഗം ദേവസ്വം സിക്രട്ടറി അരയാക്കണ്ടി സന്തോഷ് നാടിന് സമർപ്പിച്ചു. ഒരു കോടി രൂപ ചെലവിട്ടാണ് അയ്യങ്കുന്ന് പഞ്ചായത്തിലെ മുണ്ടയാം പറമ്പിൽ ആധുനികമായ എല്ലാ സൗകര്യങ്ങളോടെയും ശ്മശാനം സ്ഥാപിച്ചിരിക്കുന്നത്. ആനപ്പന്തി എസ്എൻഡിപി യോഗത്തിന്റെ വർഷങ്ങൾ നീണ്ട പരിശ്രമ ഫലമായാണ് ഗ്യാസ് ശ്മശാനം യാഥാർഥ്യമായത് . അരയേക്കർ സ്ഥലത്ത് ഗ്യാസ് ചേംബർ കെട്ടിടം, പ്രാർത്ഥനാ ഹാൾ ,ഓഫീസ് ,ടോയ്ലറ്റ് ബ്ലോക്ക് ,പാർക്കിംഗ് എന്നിവ കൂടിയുണ്ട്. ഇരിട്ടി മേഖലയിലെ ആദ്യത്തെ ആധുനിക ഗ്യാസ് ശ്മശാനം എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഇരിട്ടി യൂണിയൻ സിക്രട്ടറി പി .എൻ . ബാബു അദ്ധ്യക്ഷത വഹിച്ചു. പൊതു സമ്മേളനം എം എൽ എ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രേമാനന്ദ സ്വാമികൾ ഗുരുസ്മരണ നടത്തി. ശാഖായോഗം പ്രസിഡന്റ് എം.കെ. രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. അയ്യങ്കുന്ന് [പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീജ സെബാസ്റ്റ്യൻ , ജില്ലാ പഞ്ചായത്തംഗം തോമസ് വർഗ്ഗീസ്, തോമസ് വലിയ തൊട്ടിയിൽ, എം. ആർ. ഷാജി, കെ.വി. അജി, അഡ്വ. ജയ്സൺ തോമസ്, ടി.എം. വേണുഗോപാൽ, ജെ.ജി. നന്ദൻകുട്ടി, എ. എൻ. സുകുമാരൻ, കെ.കെ. സോമൻ, എം.ആർ. സുരേഷ്, പി.ജി. രാമകൃഷ്ണൻ കെ. എസ്. ശ്രീകാന്ത്, രവീന്ദ്രൻ പുത്തൻപുര, സാവിത്രി ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. ശാഖാ യോഗം സിക്രട്ടറി എം.കെ. വിനോദ് സ്വാഗതവും, ഉണ്ണി പുളുമ്പൻ കാട്ടിൽ നന്ദിയും പറഞ്ഞു.


0 Comments