കാര്‍ഷികരംഗത്ത് മാന്ദ്യത്തിന്റെ 'കാറ്റുവീഴ്ച'



ആലക്കോട്: പ്രതിസന്ധി സൃഷ്ടിച്ച്‌ മലയോരത്തെ കാര്‍ഷിക-വ്യാപാര-തൊഴില്‍ മേഖലകളില്‍ വന്‍ സാമ്ബത്തികതകര്‍ച്ച. വന്യമൃഗശല്യം, രോഗബാധ, കാലവസ്ഥാവ്യതിയാനം, കൂലിവര്‍ധന തുടങ്ങിയവ കാരണം കാര്‍ഷികമേഖലയുടെ നിലനില്പ് പരുങ്ങലിലാണ്.

തെങ്ങ്, കമുക് കൃഷികള്‍ക്കുണ്ടായ രോഗബാധകാരണം പ്രതിസന്ധിയിലാണ് മലയോര കര്‍ഷകര്‍. പലരും കൃഷി ഉപേക്ഷിച്ചനിലയിലാണ്. കഴിഞ്ഞവര്‍ഷം അഞ്ച്-ആറ്‌ ക്വിന്‍റല്‍വരെ അടക്ക കിട്ടിയ കര്‍ഷകര്‍ക്ക് ഇക്കൊല്ലം ഒരു ക്വിന്‍റല്‍പോലും വിളവില്ലാത്ത അവസ്ഥയാണ്. അടക്കയ്ക്ക് തൂക്കമില്ലായ്മയും ഉണ്ട്. പലയിടങ്ങളിലും മഞ്ഞളിപ്പ് രോഗവുമുണ്ട്.

അതിജീവിക്കാനാവാതെ പ്രതിസന്ധി

റബ്ബര്‍ മേഖലയിലെ പ്രതിസന്ധി അതിജീവിക്കുക വിഷമകരമാണെന്ന് തേര്‍ത്തല്ലിയിലെ കര്‍ഷകനും മൂലോത്തുംകുന്ന് റബര്‍ ഉത്പാദകസംഘം (ആര്‍.പി.എസ്.) പ്രസിഡന്റുമായ റോയിച്ചന്‍ കുരുവിച്ചിറ പറഞ്ഞു. ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ മലയോരത്ത് റബ്ബര്‍ കൃഷി ഇല്ലാതാക്കുന്ന സ്ഥിതിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 2007-ല്‍ റബ്ബര്‍ കിലോയ്ക്ക് 94 രൂപയായിരുന്നു.

ഇപ്പോള്‍ 122 രൂപ. എന്നാല്‍, അന്നത്തേതില്‍നിന്ന് ഉത്‌പാദനം ഗണ്യമായി കുറഞ്ഞു. 2000-ത്തില്‍ മരമൊന്നിന് ടാപ്പിങ്ങിന് 30 പൈസ കണക്കിലായിരുന്നു കൂലി. 2002-ല്‍ ഇത് 50 പൈസയും 2007-ല്‍ ഒരു രൂപയുമായി. നിലവില്‍ മരമൊന്നിന് രണ്ടുരൂപയാണ് ടാപ്പിങ് കൂലി. റബ്ബര്‍ സംസ്കരണത്തിനുള്ള ആസിഡിനും ഗണ്യമായി കൂടി. കഴിഞ്ഞവര്‍ഷത്തെ കടുത്ത വേനലിലുണ്ടായ അമിതമായ ഇലപൊഴിച്ചിലും ചെറിയ കമ്ബുകള്‍ ഉണങ്ങിക്കരിഞ്ഞതും ഉത്‌പാദനത്തെ ബാധിച്ചു. സമീപകാലത്തെ തുടര്‍ച്ചയായ മഴയും ഉത്പാദനം വീണ്ടും കുറയാനിടയാക്കി.

റബ്ബര്‍ വില നാമമാത്രമായി മാത്രമെ വര്‍ധിച്ചിട്ടുള്ളൂ. രണ്ടര കൊല്ലമായിട്ടും താങ്ങുവില വര്‍ധിപ്പിച്ചിട്ടില്ലാത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. മാത്രമല്ല പലപ്പോഴും കുടിശ്ശികയും വരുന്നുണ്ട്. റബ്ബര്‍ വില ബാങ്ക് മുഖേനയെ കിട്ടുന്നുള്ളൂവെന്നതും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നു. തൊഴിലാളിക്ക് കൂലിനല്‍കാനും സാധനങ്ങള്‍ വാങ്ങാനും റബ്ബര്‍ ഷീറ്റുമായി എത്തുന്ന കര്‍ഷകന്‍ തുക കിട്ടാതെ മടങ്ങുകയാണ്.

റബര്‍ ,കമുക്, തെങ്ങിന്‍ തോട്ടങ്ങളില്‍ പണി നിര്‍ത്തിെവച്ചത് വലിയ പ്രതിസന്ധിക്കിടയാക്കുന്നതായി കണ്ണൂര്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറിയും നടുവില്‍ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ ബേബി ഒടമ്ബള്ളി പറഞ്ഞു. തോട്ടങ്ങള്‍ കാടുകയറിയതോടെ മലയോര ടൗണുകളില്‍ വന്യമൃഗശല്യം കൂടിയതായി അദ്ദേഹം പറഞ്ഞു. മമ്ബൊയില്‍, മണ്ണാത്തിക്കുണ്ട്, ചീക്കാട്, നമ്ബ്യാര്‍മല തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും കര്‍ഷകര്‍ കുടിയിറങ്ങുന്ന സ്ഥിതിയാണിന്ന്.

കച്ചവടക്കാരും ബുദ്ധിമുട്ടില്‍

കാര്‍ഷിക മേഖലയിലെ പ്രതിസന്ധി സമാന്തരമായി വ്യാപാരമേഖലയേയും ബാധിച്ചിട്ടുണ്ട്. കച്ചവടസ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. പുതിയ വീട്ടുപണി, അറ്റകുറ്റപ്പണി തുടങ്ങി നിര്‍മാണമേഖലയിലും പ്രതിസന്ധിയുണ്ട്. മറുനാടന്‍ തൊഴിലാളികളേറെയും മലയിറങ്ങിക്കഴിഞ്ഞു. അപൂര്‍വം ചിലര്‍ മറ്റ് മേഖലകളിലേക്ക് നീങ്ങുകയും ചെയ്തു.