നഷ്ടപരിഹാരം കിട്ടാതെ കർഷകർ വലയുന്നു
കേളകം: കൃഷി നാശം നേരിട്ട് ഒരു വർഷത്തിലേറെ പിന്നിട്ടിട്ടും നഷ്ടപരിഹാരം കിട്ടാതെ കർഷകർ. വ്യാപക കൃഷിനാശം നേരിട്ട കർഷകർക്കാണ് നഷ്ടപരിഹാരം വൈകുന്നത്. അരലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായവർക്കാണ് ഈ ദുരവസ്ഥ. ചെറിയ അപേക്ഷകളെല്ലാം വേഗത്തിൽ തീർപ്പാക്കിയപ്പോഴും വ്യാപക നാശം നേരിട്ട് പ്രതിസന്ധിയിലായവരെ സർക്കാർ അവഗണിക്കുകയാണ്. മലയോരത്ത് കൊട്ടിയൂർ പഞ്ചായത്തിലായിരുന്നു 2018-ൽ വ്യാപക കൃഷി നാശം നേരിട്ടിരുന്നത്. കൊട്ടിയൂരിലെ കർഷകനായ സോണി മലമേൽപുത്തൻപുര പറയുന്നതിങ്ങനെ. 64000 രൂപയാണ് പാസായിരുന്നത്. ഇതിൽ 4000 രൂപ മാത്രമേ കിട്ടിയിട്ടുള്ളു. 60000 രുപ ഒരു വർഷം പിന്നിട്ടിട്ടും ലഭിച്ചിട്ടില്ല. വാഴയും മറ്റുവിളകളുമാണ് ഉരുൾപ്പൊട്ടലിൽ വ്യാപകമായി നശിച്ചിരുന്നത്. ഈ വർഷവും വാഴകൾക്ക് വ്യാപക നാശമുണ്ടായി. കാർഷിക വായ്പ മുടങ്ങിയതിനാൽ ജപ്തി നോട്ടീസ് വരെ ലഭിച്ചിരിക്കുകയാണിപ്പോൾ. പാൽച്ചുരത്തെ കർഷകരായ പനച്ചിയിൽ ജോർജ്ജിനും ഭദ്രൻപിള്ളയും ഇത്തരത്തിൽ നഷ്ടപരിഹാത്തിനായി അപേക്ഷ നൽകി കാത്തിരിക്കുകയാണ്. ആകെ 89000 രൂപയാണ് ലഭിക്കാനുള്ളതെന്ന് ഭദ്രൻപിള്ള പറയുന്നു. ഇതിൽ രണ്ടുഘട്ടങ്ങളിലായി 10000 രൂപയും 11400 രൂപയും ലഭിച്ചു. ബാക്കി തുക എന്നു കിട്ടുമെന്നറിയില്ല. ഉരുൾപ്പൊട്ടലിൽ റബ്ബർ തെങ്ങ്, കവുങ്ങ്, കുരുമുളക് തുടങ്ങിയ വിളകളാണിദ്ദേഹത്തിന് നഷ്ടമായത്. കഴിഞ്ഞ വർഷത്തെ നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ പാൽച്ചുരത്തെ കർഷകനായ പനച്ചിയിൽ ജോർജ്ജ് ഈ വർഷം നേരിട്ട കൃഷി നാശങ്ങൾക്ക് അപേക്ഷ പോലും നൽകിയിട്ടില്ല. കഴിഞ്ഞ വർഷം അപേക്ഷ നൽകുന്നതിനായിത്തന്നെ 5000-ത്തോളം രൂപ ചെലവായി. ആകെ കിട്ടിയതാകട്ടെ 5200 രൂപയും. ഇനിയും ലഭിക്കാനുള്ളത് 90000-ത്തോളം രൂപ. ഈ വർഷവും വാഴയും കശുമാവും നശിച്ചു. വെറുതെ അപേക്ഷ നൽകുന്നതെന്തിനാണ്.- ഇദ്ദേഹം ചോദിക്കുന്നു.
ജില്ലയിൽ തീർപ്പാക്കേണ്ട അപേക്ഷകൾക്കെല്ലാം നഷ്ടപരിഹാരം നൽകിയെന്ന് കൃഷി വകുപ്പ് അധികൃതർ പറയുന്നു. അര ലക്ഷത്തിലേറെ നാശം നേരിട്ട അപേക്ഷകൾ സംസ്ഥാന തലത്തിലാണ് തീർപ്പാക്കേണ്ടത്. ഇത്തരത്തിലുള്ള അപേക്ഷകളിൽ തുക വൈകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
ഈ വർഷം കൃഷി നാശം നേരിട്ടവരുടെ അപേക്ഷകൾ സോഫ്റ്റുവെയർ മുഖേനയാണ് സ്വീകരിക്കുന്നത്. കണിച്ചാർ(160), കേളകം(232), കൊട്ടിയൂർ(165) എന്നിങ്ങനെയാണ് മലയോര മേഖലകളിലെ കൃഷി ഭവനുകളിൽ ലഭിച്ചിരിക്കുന്ന അപേക്ഷകളുടെയെണ്ണം. ഇതിൽ കണിച്ചാറിലും കേളകത്തും കൂടുതലാളുകൾക്ക് അരലക്ഷത്തിലേറെ നാശം നേരിട്ടവരാണ്. കഴിഞ്ഞ വർഷം ഈ രണ്ടുപഞ്ചായത്തുകളിലും വ്യാപക നാശം നേരിട്ടവരുണ്ടായിരുന്നില്ല.


0 Comments