മാവോയിസ്റ്റ് ബന്ധം: യുവാക്കള്‍ക്കെതിരായ യുഎപിഎ നീക്കില്ല; ജാമ്യാപേക്ഷയില്‍ വിധി ബുധനാഴ്ച
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ രണ്ടു സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ വിധി ബുധനാഴ്ച. യുഎപിഎ പ്രത്യേക കോടതി കൂടിയായ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണു വിധി പറയുന്നതു മാറ്റിയത്. രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്കു മേല്‍ ചുമത്തിയ യുഎപിഎ നീക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് ഗവ. പ്ലീഡര്‍ കോടതിയില്‍ അറിയിച്ചു. യുഎപിഎ ഒഴിവാക്കുന്നതു സംബന്ധിച്ചു സര്‍ക്കാരില്‍നിന്നു നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നു പ്രോസിക്യൂഷന് കോടതിയെ ബോധിപ്പിച്ചു. ഇതോടെ, യുഎപിഎ നിലനില്‍ക്കാനുള്ള തെളിവുകളുണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പോലീസെന്നു വ്യക്തമായി. വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് എതിര്‍ത്തില്ല. കസ്റ്റഡി അപേക്ഷ നല്‍കുന്നില്ലെന്നും നിലവില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ നിലനില്‍ക്കുന്നതായും പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കി. അതേസമയം, ഇരുവരും നിരോധിത സംഘടനയുടെ അംഗങ്ങളെന്നു തെളിയിക്കുന്ന രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കൈയിലില്ലെന്നു പ്രതിഭാഗം വാദിച്ചു. യുഎപിഎ നിലനില്‍ക്കില്ലെന്നു വാദിച്ച പ്രതിഭാഗം അഭിഭാഷകന് എം.കെ.
ദിനേശന്, പിടിയിലായവര്‍ ഏതു ദിവസും കോടതിയില്‍ ഹാജരാകാന്‍ തയാറാണെന്നും പറഞ്ഞു. ഇതു പരിഗണിച്ച കോടതി വിധി അടുത്ത ദിവസത്തേക്കു മാറ്റുകയായിരുന്നു. കണ്ണൂര്‍ പാലയാട്ടെ സര്‍വകലാശാലാ കാന്പസ് നിയമവിദ്യാര്‍ഥി അലന് ഷുഹൈബ് (20), കണ്ണൂര്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസം വിദ്യാര്‍ഥി താഹ ഫൈസല്‍ (24) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. യുഎപിഎ ചുമത്തിയതിനെതിരെ അലന്റെ അച്ഛനമ്മമാരായ ഷുഹൈബും സബിതയും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കിയിരുന്നു.


0 Comments