സ്‌കൂളിലെത്തിയ ജഡ്‌ജിമാര്‍ കാടുപിടിച്ച പരിസരം കണ്ട്‌ ചോദിച്ചു: 'ഇതു കേരളത്തിലാണോ?'





ബത്തേരി: "ഇതു കേരളത്തിലാണോ?"-സര്‍വജന സ്‌കൂളില്‍ ഇന്നലെ സന്ദര്‍ശനം നടത്തിയ ജഡ്‌ജിമാരുടെ സംഘം ചോദിച്ചതാണ്‌ ഇത്‌. കാടു പിടിച്ചു കിടക്കുന്ന സ്‌കൂളും പരിസരവും. വൃത്തിഹീനമായ മൂത്രപ്പുരകള്‍. അവിടെയും കാടുപടലം. വൃത്തിഹീനമായ സ്‌കൂള്‍ പരിസരം കണ്ട്‌ ജഡ്‌ജിമാര്‍ സ്‌തംബ്‌ധരായി.
ഷഹ്‌ല ഷെറിന്‍ പാമ്ബു കടിയേറ്റു മരിച്ചതിനെത്തുടര്‍ന്നു ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം വയനാട്‌ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്‌ജിയും ജില്ലാ ലീഗല്‍ സര്‍വീസ്‌ അതോറിറ്റി ചെയര്‍മാനുമായ എ. ഹാരിസ്‌, ജില്ലാ ജഡ്‌ജി ബൈജുനാഥ്‌, ജില്ലാ ലീഗല്‍ സര്‍വീസ്‌ അതോറിറ്റി സെക്രട്ടറി സബ്‌ ജഡ്‌ജി കെ.പി. സുനിത എന്നിവരടങ്ങിയ സംഘമാണ്‌ സ്‌കൂള്‍ സന്ദര്‍ശിച്ചത്‌. പാമ്ബിന്റെ മാളമുള്ളക്ല ാസ്‌ മുറിയും സ്‌കൂള്‍ പരിസരവും ജഡ്‌ജിമാര്‍ കണ്ടു.
കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ വീഴ്‌ചവരുത്തിയതിനു പ്രധാനാധ്യാപകന്‍ ഉള്‍പ്പടെയുള്ളവരെ ജഡ്‌ജിമാര്‍ വിമര്‍ശിച്ചു. മുഴുവന്‍ അധ്യാപകരും സ്‌കൂളിലുണ്ടായിരുന്നില്ല. "എല്ലാവരോടും എത്താന്‍ പറഞ്ഞിരുന്നതാണല്ലോ" എന്ന ജില്ലാ ജഡ്‌ജിയുടെ ചോദ്യത്തിനു പ്രധാനാധ്യാപകനു വ്യക്‌തമായ മറുപടിയുണ്ടായിരുന്നില്ല.
ഒരു കുട്ടിയുടെ മരണം എന്ന രീതിയില്‍ കാണാതെ സ്വന്തം കുട്ടിക്കുണ്ടായ ദുരവസ്‌ഥ എന്ന നിലയ്‌ക്കാണ്‌ ഈ സംഭവത്തെ കാണേണ്ടതെന്നു ജില്ലാ ജഡ്‌ജി പറഞ്ഞു. സംഭവത്തേക്കുറിച്ചു ഹൈക്കോടതി ജഡ്‌ജി വിളിച്ച്‌ വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നെന്നും അതിന്റെ അടിസ്‌ഥാനത്തിലാണു സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയതെന്നും ജില്ലാ ജഡ്‌ജി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ജില്ലാ ലീഗല്‍ സര്‍വീസ്‌ അതോറിറ്റി വിഷയത്തില്‍ ഇടപെടും. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. സ്‌കൂളിലെ സ്‌ഥിതി പരിതാപകരമാണ്‌. വിഷയം സംബന്ധിച്ച്‌ ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന്‌ ഹൈക്കോടതിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കും. അതിന്റെ അടിസ്‌ഥാനത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ജില്ലാ ജഡ്‌ജി പറഞ്ഞു. ഷഹ്‌ലയുടെ വീട്ടിലെത്തി മാതാപിതാക്കളെയും ജഡ്‌ജിമാര്‍ കണ്ടു.