റബര്‍ വിലസ്‌ഥിരത: കിട്ടാനുള്ളത് 96 കോടി; തുക കൈമാറിയെന്നു സര്‍ക്കാര്‍
കൊച്ചി : വിലസ്‌ഥിരതാ പദ്ധതിയില്‍ 96 കോടി സര്‍ക്കാര്‍ നല്‍കാനുള്ളപ്പോള്‍ മുഴുവന്‍ തുകയും നല്‍കിയെന്ന സര്‍ക്കാര്‍ വിശദീകരണം കര്‍ഷകര്‍ക്കിടയില്‍ ആശങ്കയ്‌ക്ക് ഇടയാക്കി. 2019 ഏപ്രില്‍ മുതല്‍ ഓഗസ്‌റ്റ് വരെയുള്ള വിലസ്‌ഥിരതാ ഫണ്ട് ലഭിച്ചിട്ടില്ലെന്നാണ് കര്‍ഷകര്‍ വ്യക്‌തമാക്കുന്നത്.
എന്നാല്‍, സര്‍ക്കാര്‍ കണക്കില്‍ കഴിഞ്ഞ ഓഗസ്‌റ്റ് മുതലുള്ള 41 കോടി മാത്രമാണ് നല്‍കാനുള്ളത്. നിയമസഭയില്‍ കൃഷി മന്ത്രി സുനില്‍ കുമാറാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. എന്നാല്‍, സര്‍ക്കാര്‍ പറയുന്നത് അടിസ്‌ഥാനരഹിതമാണെന്ന് ഇന്‍ഫാം ചൂണ്ടിക്കാട്ടി. വിലസ്‌ഥിരതാ പദ്ധതിയില്‍ ഏപ്രില്‍ മുതല്‍ ഓഗസ്‌റ്റ് വരെയുള്ള പണം ലഭിച്ചിട്ടില്ലെന്ന് ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി വി.സി. സെബാസ്‌റ്റ്യന്‍ ആരോപിച്ചു. അതായത് കഴിഞ്ഞ ഓഗസ്‌റ്റുവരെ 98 കോടി രൂപയാണ് കര്‍ഷകര്‍ക്കു കിട്ടാനുള്ളത്.
അതിനുപുറമേ സംസ്‌ഥാന സര്‍ക്കാര്‍ ചിരട്ടപ്പാലിനും ഒട്ടുപാലിനും മാനദണ്ഡങ്ങള്‍ നിശ്‌ചയിക്കാതെ വിലസ്‌ഥിരതാ പദ്ധതി തയാറാക്കുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുമെന്നും കര്‍ഷക സംഘടനകള്‍ അഭിപ്രായപ്പെടുന്നു. ഈ നീക്കം ചുളുവിലയ്‌ക്ക് ഇറക്കുമതി പ്രോത്സാഹിപ്പിക്കാന്‍ ഇടയാക്കിയേക്കുമെന്നാണ് ആശങ്ക. ആഭ്യന്തര റബര്‍ വില വീണ്ടും തകരാന്‍ ഇതു കാരണമാകുമെന്നും അവര്‍ പറയുന്നു.


0 Comments