കറക്കം യൂത്തന്‍മാരുടെ കുത്തകയല്ലെന്ന് ആലക്കാട്ടെ കാരണവന്മാര്‍





ആലക്കാട്: ആലക്കാട് ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങള്‍ക്ക് വിനോദയാത്ര സംഘടിപ്പിച്ചു. ജീവിതപ്രയാസങ്ങള്‍ക്കിടയില്‍ സ്വന്തം നാടിന് പുറത്ത് ജീവിതത്തില്‍ ഒരിക്കല്‍ പോലും കാണാന്‍ പറ്റില്ലെന്ന്‌ കരുതിയ കാഴ്ചകള്‍ കണ്ടപ്പോള്‍ ഓരോരുത്തരുടെയും മനസ്സ്‌ നിറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളത്തെപ്പറ്റിയും മറ്റും മക്കളില്‍നിന്നും കൊച്ചുമക്കളില്‍ നിന്നും കേട്ട കാര്യങ്ങള്‍ പരസ്പരം പങ്കുവെക്കുന്ന തിരക്കിലായി ഓരോരുത്തരും. മുതിര്‍ന്ന പൗരന്മാരുടെ മാനസികോല്ലാസത്തിനുവേണ്ടി ആലക്കാട് ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി മുന്‍കൈ എടുത്തപ്പോള്‍ നാട് കൂടെ നിന്നു. 50 പേരാണ് യാത്രയില്‍ ഉണ്ടായിരുന്നത്.

കണ്ണൂര്‍ വിമാനത്താവളം, പറശ്ശനിക്കടവ് സ്നേക്ക് പാര്‍ക്ക്, മില്‍മ, ഇരിക്കൂര്‍ നിലാമുറ്റം, കണ്ണൂര്‍ കോട്ട, പയ്യാമ്ബലം ബീച്ച്‌, സിറ്റി പള്ളി എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. 50 മുതല്‍ 90 വരെ പ്രായമുള്ളവരായിരുന്നു സ്നേഹയാത്രയിലെ അംഗങ്ങള്‍.

കണ്ണൂരില്‍ പല തവണ വന്നിട്ടുണ്ടെങ്കിലും ഇത്തരം സന്ദര്‍ശനം പലര്‍ക്കും ആദ്യാനുഭവം ആയിരുന്നു. കുടുംബാംഗങ്ങള്‍ കൂടെ ഇല്ലാതിരുന്നിട്ടും ദൂരയാത്ര ചെയ്യാന്‍ എല്ലാവര്‍ക്കും ധൈര്യം ഉണ്ടായി. ബീച്ചിലും പാര്‍ക്കിലുമൊക്കെ കൊച്ചു കുട്ടികളെപ്പോലെ അവര്‍ ഉല്ലസിച്ചു.

ആലക്കാട് ശാഖയിലെ പഴയ കാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകരില്‍നിന്ന് ഏറ്റവും പ്രായം കൂടിയ അംഗങ്ങളെയാണ് വിനോദയാത്രയ്ക്കായി തിരഞ്ഞെടുത്തത്. ഭക്ഷണമുള്‍പ്പെടെ യാത്രയ്ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയ യാത്ര കല്യാശ്ശേരി മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് കെ കെ ആലിഹാജി ഫ്ലാഗ് ഓഫ് ചെയ്തു.

പഞ്ചായത്തംഗം ജംശീര്‍ ആലക്കാട്, ഒ.പി ഉമ്മര്‍ കുട്ടി, എം പി മുബശ്ശിര്‍, യു.എന്‍ അബ്ദുറഹ്മാന്‍, പി.ബശീര്‍, ഒ.പി കുഞ്ഞഹമ്മദ് , ടി.കെ അബ്ദുറഹ്മാന്‍, പി.ഹസന്‍, സി.കെ മുഹമ്മദ് കുഞ്ഞി, ഒ.പി ഹബീബ്, പി.അബദുള്‍ റശീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വിവിധ കേന്ദ്രങ്ങളില്‍ സ്നേഹ യാത്രയെ അഭിവാദ്യം ചെയ്യാന്‍ നേതാക്കളെത്തി. കണ്ണൂരില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ അബ്ദുള്‍ ഖാദര്‍ മൗലവിയും, ഇരിക്കൂറില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി അനസും യാത്രയെ അഭിവാദ്യം ചെയ്തു.