റോഡ് തകർച്ചയേക്കാൾ  ബുദ്ധിമുട്ടാണ് നാട്ടുകാർക്ക് പാതിവഴിയിലുള്ള കലുങ്കുകൾ
കരിവെള്ളൂർ:'ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് ഒരുവർഷത്തോളമായി. പകുതിമാത്രം പണിത കലുങ്കിലൂടെയും പൊട്ടിത്തകർന്ന റോഡിലൂടെയും ജീവൻ പണയംവച്ചാണ് യാത്രചെയ്യുന്നത്. എത്രകാലം ഇത് തുടരണം'- കരിവെള്ളൂർ പെരളം പഞ്ചായത്തിലെ പുത്തൂർ, കൊഴുമ്മൽ, പെരളം നിവാസികൾ മാസങ്ങളായി ചോദിക്കുന്ന ചോദ്യമാണിത്.
സ്വാമിമുക്കിൽനിന്ന് പുത്തൂർ അമ്പലം, പെരളം വഴി വെള്ളൂർ ആൽവരെയുള്ള റോഡാണ് നാട്ടുകാരെ വലയ്ക്കുന്നത്. തകർന്ന റോഡ് നന്നാക്കുന്നതിനും കലുങ്കുകൾ മാറ്റിപ്പണിയുന്നതിനും സർക്കാർ 10 കോടി രൂപ അനുവദിച്ചിരുന്നു. നാട്ടുകാർ ഏറെ സന്തോഷത്തോടെയാണ് ഈ വാർത്ത കേട്ടത്. കോഴിക്കോട്ടുകാരനായ കരാറുകാരൻ പണി ഏറ്റെടുത്തുവെങ്കിലും മറ്റൊരാൾക്ക് മറിച്ചുനൽകി. പണി തുടങ്ങിയപ്പോൾത്തന്നെ നിലവിലുണ്ടായിരുന്ന കലുങ്കുകളെല്ലാം ഒറ്റയടിക്ക് പൊളിച്ചുനീക്കി. എന്നാൽ യഥാസമയം പുനർനിർമിക്കാൻ കഴിഞ്ഞില്ല.
ജൂണിൽ പുത്തൂർ ഭാഗത്തേക്ക് യാത്ര പൂർണമായും തടസ്സപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധിച്ചു. പണി മാസങ്ങളോളം മുടങ്ങിയതോടെ പ്രതിഷേധം വ്യാപകമായി. കലുങ്കുകളുടെ പണി ജൂലായ് 15-ന് മുമ്പ് തീർക്കുമെന്ന് കരാറുകാരൻ ഉറപ്പു നൽകിയെങ്കിലും പാലിച്ചില്ല. റോഡ് തകർച്ചയേക്കാൾ നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത് പാതിവഴിയിലുള്ള കലുങ്കുകളാണ്. പകുതിഭാഗത്തുകൂടിയാണ് ബസ്സുകളടക്കം പോകുന്നത്. പെരളം, കാഞ്ഞിരമുക്ക് എന്നിവിടങ്ങളിലെ കലുങ്കുകൾ ഏതുസമയവും അപകടം ക്ഷണിച്ചു വരുത്തുന്നവയാണ്.
പെരളത്തെ കലുങ്കിന്റെ പകുതിഭാഗത്തെ വലിയ കുഴിയിൽ വെള്ളം നിറഞ്ഞിട്ടുണ്ട്. രാത്രി ഇതുവഴി ധാരാളം ചെറുവാഹനങ്ങൾ പോകാറുണ്ട്. ശ്രദ്ധ അല്പമൊന്ന് തെറ്റിയാൽ റോഡിലുള്ള വലിയ കുഴിയിലേക്ക് മറിഞ്ഞു വീഴും. മുന്നറിയപ്പായി ഒരു റിബ്ബൺ കെട്ടുകമാത്രമാണ് ചെയ്തിട്ടുള്ളത്. റോഡും കലുങ്കും അടിയന്തരമായി പൂർത്തിയാക്കാൻ അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.