ശബരിമല വിധി സ്റ്റേയ്ക്ക് തുല്യം; സര്‍ക്കാരിന് എ.ജി.യുടെ നിയമോപദേശം
തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശം അനുവദിക്കുന്ന വിധി സ്റ്റേ ചെയ്തിട്ടില്ലെങ്കിലും വ്യാഴാഴ്ചത്തെ സുപ്രീം കോടതി വിധി സ്റ്റേയ്ക്ക് തുല്യമായി കരുതാമെന്ന് സര്‍ക്കാരിന് നിയമോപദേശം. അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദ് മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളിയാഴ്ച വൈകുന്നേരം കൂടിക്കാഴ്ച നടത്തിയാണ് നിയമോപദേശം നല്‍കിയത്. നിയമസെക്രട്ടറി, സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത എന്നിവരോടും സര്‍ക്കാര്‍ അഭിപ്രായം തേടിയിരുന്നു.
വിശാല ബെഞ്ചിന്റെ വിധിവന്നശേഷം പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇതോടെ കോടതിയുടെ പരിഗണനയിലുള്ള വിഷയമായി ഇതുമാറി. ഫലത്തില്‍ യുവതീപ്രവേശം അനുവദിച്ച 2018-ലെ വിധി മരവിപ്പിക്കുന്നതിന് തുല്യമാണിത്. ഈ സാഹചര്യത്തില്‍ 2018 സെപ്റ്റംബര്‍ 28-ലെ വിധിക്കുമുമ്ബുള്ള സ്ഥിതി നിലനില്‍ക്കുന്നുവെന്ന് വാദിക്കാനാകുമെന്നാണ് നിയമവൃത്തങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചത്.
നിയമസെക്രട്ടറിയും അഡ്വക്കേറ്റ് ജനറലും സര്‍ക്കാരിന്റെ ഭാഗമെന്ന് പൊതുവില്‍ വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്നതിനാലാണ് ജയദീപ് ഗുപ്തയോടും അഭിപ്രായം തേടിയത്. ഈ മണ്ഡലകാലത്ത് യുവതീപ്രവേശം ഒഴിവാക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹവും സര്‍ക്കാരിനെ അറിയിച്ചു.
ക്ഷേത്രപ്രവേശന ചട്ടത്തിന്റെ സാധുത വിശാല ബെഞ്ച് പരിഗണിക്കാനിരിക്കയാണ്. അതിനാല്‍ത്തന്നെ യുവതീപ്രവേശം സംബന്ധിച്ച വിധി സ്തംഭനാവസ്ഥയിലാണ്. വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തിയശേഷം നടപടികളാകാം. വിശാല ബെഞ്ചിന്റെ വിധിക്കുശേഷം പുനഃപരിശോധനാ ഹര്‍ജികളില്‍ തീര്‍പ്പാക്കാന്‍ കാലതാമസം ഉണ്ടായേക്കുമെന്നും അദ്ദേഹം അറിയിച്ചു.
0 Comments