ജിമ്മി ജോർജ് ഫൗണ്ടേഷൻ 31 - മത് അവാർഡ് ഒളിമ്പ്യൻ വൈ. മുഹമ്മദ് അനസിന്
പേരാവൂർ: സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി ഒന്നാമത് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് ഒളിമ്പ്യൻ അത്‌ലറ്റ് വൈ . മുഹമ്മദ് അനസ് അർഹനായി .25000 രൂപയും ഫലകവുമാണ് അവാർഡ്. ജോസ് ജോർജ് ചെയർമാനും , അഞ്ചു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, ദേവപ്രസാദ്, സെബാസ്റ്റ്യൻ ജോർജ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തെരഞ്ഞെടുത്തത്
ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനമാണ് അനസിനെ ഈ വർഷത്തെ അവാർഡിന് അർഹനാക്കിയത് . കൊല്ലം , നിലമേൽ സ്റ്റൈൽ സ്പോർട്സ് അക്കാഡമിയിലൂടെ കായിക രംഗത്തേക്ക് കടന്നു വന്ന അനസ് 2016 റിയോ ഒളിമ്പിക്സിൽ പങ്കെടുത്തതോടെയാണ് അന്തർ ദേശീയ കായിക രംഗത്തു ശ്രദ്ധയാകർഷിച്ചത്. 2017 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിലും , 4×400 മീറ്റർ റിലേയിലും സ്വർണ്ണ മെഡൽ കരസ്ഥമാക്കി. അനസിന്റെ കായിക രംഗത്തെ മികച്ച നേട്ടം 2018 ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിലും , 4 x400 മീറ്റർ റിലേയിലും കരസ്ഥമാക്കിയ വെള്ളി മെഡലും , മിക്സഡ് റിലേയിൽ കരസ്ഥമാക്കിയ സ്വർണ മെഡലുമാണ് . 400 മീറ്ററിൽ ദേശീയ റിക്കാർഡിന് ഉടമ ( 45.21 Sec.) .2018 ലെ കോമൺ വെൽത്ത് ഗെയിംസിലും, കോണ്ടിനെന്റൽ കപ്പിലും , 2017, 2019 വർഷങ്ങളിലെ ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും രാജ്യത്തെ പ്രതിനിധീകരിച്ചു.. 2019 ലോക ചാമ്പ്യൻഷിപ്പിൽ മിക്സഡ് റിലേയിൽ 7 ആം സ്ഥാനം കരസ്ഥമാക്കി ഈ വർഷം അർജുന അവാർഡ് കരസ്ഥമാക്കിയ 25 കാരനായ അനസ് ഗുരുവായൂർ ശ്രീ കൃഷ്ണ കോളേജിൽ വിദ്യാർത്ഥി ആയിരുന്നു . നേവിയിൽ ഉദ്യോഗസ്ഥൻ . പരേതനായ യാഹിയയുടെയും , ഷീനയുടെയും മകൻ. സഹോദരൻ അനീസും അറിയപ്പെടുന്ന അത്‌ലറ്റ് ആണ് .
നവംബർ 30 ന് ജിമ്മി ജോർജ് അന്തരിച്ചിട്ട് 32 വർഷം പൂർത്തിയാവുകയാണ്. ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ അനുസ്മരണ ചടങ്ങുകൾ നടക്കും .ഡിസംബർ 22 നാണ് ഈ വർഷം പേരാവൂർ ഗ്രീൻ മാരത്തൺ നടത്തപ്പെടുന്നത് . അന്നേ ദിവസം അവാർഡ് സമ്മാനിക്കും.പേരാവൂരിൽ നടന്ന പത്ര സമ്മേളനത്തിൽ സെബാസ്റ്റ്യൻ ജോസഫ്, അബ്രഹാം തോമസ്, കെ.എം.സ്റ്റാനി, കെ.മുഹമ്മദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
0 Comments