നെടുമ്ബാശേരി: പകല്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി; റണ്‍വേ നവീകരണം ബുധനാഴ്ച തുടങ്ങും

നെടുമ്ബാശേരി വിമാനത്താവളത്തിന്റെ റണ്‍വേ നവീകരണപദ്ധതിക്ക്‌ ബുധനാഴ്ച തുടക്കമാകും. 2020 മാര്‍ച്ച്‌ 28 വരെ പകല്‍സമയം വിമാന സര്‍വീസുകള്‍ ഉണ്ടാകില്ല.

ദിവസവും രാവിലെ 10ന് റണ്‍വേ അടയ്ക്കും. വൈകിട്ട് ആറിന് തുറക്കും. മിക്ക സര്‍വീസുകളും വൈകിട്ട് ആറുമുതല്‍ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുനഃക്രമീകരിച്ചതിനാല്‍ പ്രതിദിനം അഞ്ച്‌ വിമാന സര്‍വീസുകള്‍മാത്രമാണ് റദ്ദാകുകയെന്ന്‌ സിയാല്‍ അധികൃതര്‍ അറിയിച്ചു.

റണ്‍വേ റീ-സര്‍ഫസിങ് പ്രവൃത്തികള്‍ക്കായി ഒരുവര്‍ഷം മുമ്ബുതന്നെ സിയാല്‍ ആസൂത്രണം തുടങ്ങിയിരുന്നു. വിമാനക്കമ്ബനികള്‍ പൂര്‍ണസഹകരണം ഉറപ്പാക്കിയതോടെ വ്യാപകമായ സര്‍വീസ് റദ്ദാക്കല്‍ ഒഴിവാക്കാനായി.

സ്‌പൈസ് ജെറ്റിന്റെ മാലദ്വീപ് സര്‍വീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തില്‍ റദ്ദാക്കിയത്. വിവിധ എയര്‍ലൈനുകളുടെ അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിലേക്കുള്ള ഓരോ സര്‍വീസും റദ്ദായി.

പ്രതിദിനം 30,000 യാത്രക്കാരെയും 240 സര്‍വീസുകളെയും കൈകാര്യം ചെയ്യുന്ന വിമാനത്താവളത്തില്‍ പ്രവര്‍ത്തനസമയം ബുധനാഴ്ചമുതല്‍ 16 മണിക്കൂറായി ചുരുങ്ങും. രാവിലെയും വൈകിട്ടും തിരക്ക്‌ പരിഗണിച്ച്‌ ചെക്ക്- ഇന്‍ സമയം വര്‍ധിപ്പിച്ചിട്ടുണ്ട്.

ആഭ്യന്തരയാത്രക്കാര്‍ക്ക് ഇനി മൂന്നുമണിക്കൂര്‍മുമ്ബ്‌ ചെക്ക് -ഇന്‍ ചെയ്യാം. രാജ്യാന്തര യാത്രക്കാര്‍ക്ക് നാലുമണിക്കൂര്‍മുമ്ബും. 100 സുരക്ഷാഭടന്മാരെക്കൂടി സിഐഎസ്‌എഫ് അനുവദിച്ചിട്ടുണ്ട്.

3400 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമാണ് റണ്‍വേയ്ക്കുള്ളത്. വര്‍ഷങ്ങളുടെ ഉപയോഗത്തില്‍ റണ്‍വേയുടെ മിനുസം കൂടും.

റണ്‍വേയുടെ പ്രതലം പരുക്കനായി നിലനിര്‍ത്താനാണ് റീ-സര്‍ഫസിങ് നടത്തുന്നത്. റണ്‍വേയുടെ മധ്യരേഖയില്‍ നിലവിലുള്ളതിന്റെ ഇരട്ടിയിലേറെ ലൈറ്റുകള്‍ സ്ഥാപിക്കും.150 കോടി രൂപയാണ് നവീകരണച്ചെലവ്.