വളപട്ടണം ദേശീയപാതയോരത്ത് അനധികൃതമായി കലുങ്കുനിര്‍മാണം


വളപട്ടണം: ദേശീയപാതയോരത്ത് പൊതുമരാമത്ത് വകുപ്പ് വക സ്ഥലത്ത് അനധികൃതമായി കലുങ്ക് പണിതു. കെ.സി.പെട്രോള്‍ പമ്ബിനടുത്തായാണ് ഒരു ഹോട്ടലുടമ നിര്‍മിച്ചതെന്നാണ് പരാതി. ഏതാണ് 12 മീറ്റര്‍ നീളത്തിലും അഞ്ചരയടി വീതിയിലും 5 അടി ആഴത്തിലും ചെങ്കല്ല് കൊണ്ട് നിര്‍മിച്ച കലുങ്കിന്മേല്‍ സ്ലാബിട്ട് ദേശീയപാതയില്‍നിന്ന് ഹോട്ടലിലേക്ക് വാഹനം കയറാന്‍ സൗകര്യമൊരുക്കാനാണെന്ന് പരിസരവാസികള്‍ പറഞ്ഞു. ഈ ഭാഗത്ത് അനുബന്ധ റോഡില്‍ മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകാറുണ്ട്. കലുങ്ക് ആണെങ്കില്‍ ശാസ്ത്രീയമായ രീതിയില്‍ വെള്ളം ഒഴിഞ്ഞുപോകാന്‍ പാകത്തില്‍ പണിതിട്ടുമില്ല. ഹോട്ടലിന് ഇരുവശത്തുമുള്ള നിലവിലുള്ള കലുങ്കിനോട് ചേര്‍ത്തിട്ടുമില്ല. ഹോട്ടലുടമ അനധികൃതമായി കെട്ടിയ കലുങ്ക് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് വളപട്ടണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനും ദേശീയപാതാ വിഭാഗം അസി. എന്‍ജിനീയര്‍ക്കും പരിസരവാസികള്‍ പരാതി നല്‍കി.

പരാതിയെക്കുറിച്ച്‌ അന്വേഷിക്കും -ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്

ദേശീയപാതയോരത്ത് അനധികൃതമായി കലുങ്ക് കെട്ടിയതിനെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ലളിതാദേവി പറഞ്ഞു. ഇതിന് മുന്‍പ്‌ റോഡ് കവര്‍ന്ന് മതില്‍ കെട്ടിയപ്പോള്‍ ഹോട്ടലുടമയോട് പൊളിച്ചുമാറ്റാനാവശ്യപ്പെട്ടിരുന്നു. പൊളിച്ചതിന് ശേഷമാണ് ഹോട്ടലിന് കെട്ടിട നമ്ബര്‍ പഞ്ചായത്ത് അനുവദിച്ചത്.

അനധികൃത കലുങ്ക് പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടു

-അസി. എന്‍ജിനീയര്‍

വളപട്ടണം ദേശീയപാതാ റോഡരികില്‍ അനധികൃതമായി നിര്‍മിച്ച കലുങ്ക് ഒരാഴ്ചയ്ക്കകം പൊളിച്ചുമാറ്റാന്‍ ഹോട്ടലുടമയ്ക്ക് നിര്‍ദേശം നല്‍കിയതായി പൊതുമരാമത്ത് ദേശീയപാതാ വിഭാഗം അസി. എന്‍ജിനീയര്‍ പറഞ്ഞു. പരിസരവാസികള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്.