കൊച്ചി:മുലപ്പാലില്ലെന്ന അമ്മമാരുടെ ആധികള്‍ക്ക് ആശ്വാസം പകരാന്‍ ഇനി മുലപ്പാല്‍ ബാങ്കുകള്‍. അമ്മ മരിച്ച , അമ്മ അടുത്തില്ലാത്ത കുഞ്ഞുങ്ങള്‍ |ക്കും ഈ പദ്ധതി കൊണ്ട് മുലപ്പാല്‍ കുടിച്ച് വളരാം. മുലപ്പാല്‍ ബാങ്കുകള്‍ എന്ന ആശയം കേരളത്തിന് പരിചിതമല്ലെങ്കിലും നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ വിജയകരമായ ഈ പദ്ധതി ഇപ്പോള്‍ കേരളത്തിലും പ്രവര്‍ത്തനം ആരംഭിക്കുകയാണ്.
സംസ്ഥാന റോട്ടറി ക്ലബുമായി ചേര്‍ന്നു മുലപ്പാല്‍ ബാങ്കുകള്‍ ആരംഭിക്കാനുളള ആരോഗ്യ വകുപ്പിന്റെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. ആദ്യഘട്ടമായി എറണാകുളം ജനറല്‍ ആശുപത്രി, തൃശൂര്‍ ജൂബിലി മിഷന്‍ എന്നിവിടങ്ങളില്‍ മുലപ്പാല്‍ ബാങ്കുകള്‍ രണ്ട് മാസത്തിനകം ആരംഭിക്കും.
വിദേശരാജ്യങ്ങളില്‍ സജീവമായ ഈ പദ്ധതി ഇന്ത്യയൊട്ടാകെ ആരംഭിക്കുന്നതിനുളള നടപടി തുടങ്ങുന്നതിനായി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാറും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 217 മുലപ്പാല്‍ ബാങ്കുകളുമായി ലോകത്ത് ഏറ്റവും വിജയകരമായി നടപ്പാക്കിയ ബ്രസീലിലെ മാതൃകയാണ് കേന്ദ്രം പിന്തുടരുന്നത്. പദ്ധതി നടപ്പാക്കിയതോടെ ബ്രസീലിലെ ശിശുമരണ നിരക്ക് 73 ശതമാനം കുറഞ്ഞെനാണു പഠനറിപ്പോര്‍ട്ട്.
മുലപ്പാല്‍ പ്രത്യേകം സജ്ജമാക്കിയ സംവിധാനത്തില്‍ ശേഖരിച്ച് ആവശ്യമുളള കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കുന്നതാണ്. പദ്ധതി. ശേഖരിച്ച മുലപ്പാല്‍ അണുവിമുക്തമാക്കുന്നതാണ് ആദ്യനടപടി. പിന്നീട് മൈനസ് 20 ഡിഗ്രി വരെ തണുപ്പിച്ചു ശീതീകരിച്ചു സൂക്ഷിക്കും. ഇത് ആറ് മാസം വരെ കേടാകില്ല. മുലപ്പാല്‍ ധാരാളമുളള അമ്മമാര്‍ ഇത്തരം ബാങ്കുകളിലെത്തി മുലപ്പാല്‍ നല്‍കുന്നു. മുലപ്പാല്‍ കുറവുളള അമ്മമാരും സാഹചര്യങ്ങള്‍മൂലം മുലയൂട്ടാന്‍ കഴിയാത്തവരും പാല്‍ സ്വീകരിക്കുന്നു.
സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി തുടങ്ങിയ വിദേശരാജ്യങ്ങള്‍ക്ക് പുറമേ മുംബൈ, ഡല്‍ഹി തുടങ്ങി ഇന്ത്യയിലെ പ്രധാനനഗരങ്ങളിലും ഇത് വിജയകരമായി പ്രവര്‍ത്തിക്കുന്നു. ആവശ്യക്കാര്‍ വര്‍ധിക്കുന്നതനുസരിച്ചു മുലപ്പാലിന്റെ അളവു വര്‍ധിപ്പിക്കാനാകുന്നില്ല എന്നതാണ് മുംബൈ അടക്കമുളള സ്ഥലങ്ങളിലെ പ്രധാന വെല്ലുവിളി. വിദേശരാജ്യങ്ങളില്‍ ഒരു ഔണ്‍സ് മുലപ്പാലിന് 2.50 ഡോളര്‍ രൂപ വരെയാണ് ഈടാക്കുന്നത്. ഡല്‍ഹിയില്‍ ഒരു കുപ്പിക്ക് 200 രൂപ വരെയാണ് ഈടാക്കുന്നത്. ആദ്യഘടത്തില്‍ കേരളത്തില്‍ ഇത് സൗജന്യമായിരിക്കും.
കേരളത്തില്‍ മുലപ്പാലിന്റെ രുചി അറിഞ്ഞു വളരുന്ന കുഞ്ഞുങ്ങള്‍ 53.3 ശതമാനമാണെന്നാണന് ഏറ്റവും ഒടുവില്‍ പുറത്തുവന്ന പഠന റിപ്പോര്‍ട്ട്. എന്‍എച്ച്എഫ്എസിന്റെ (നാഷണല്‍ ഫാമിലി ഹെല്‍ത് സര്‍വേ) കണക്കുപ്രകാരം ഇന്ത്യയില്‍ മുലപ്പാല്‍ ലഭ്യമാകുന്നത് 54.9 ശതമാനം നവജാതശിശുക്കള്‍ക്കു മാത്രമാണ്. ഗ്രാമീണമേഖലയില്‍ അത് 56 ശതമാനം കുട്ടികളാണെങ്കില്‍ നഗരങ്ങളേിലക്കെത്തുമ്പോള്‍ 52.1 ശതമാനമായി ചുരുങ്ങുന്നു.
മുലപ്പാല്‍ ലഭിക്കാത്തതുമൂലമുളള ശിശുമരണ നിരക്ക് ഒഴിവക്കുകയാണു മുലപ്പാല്‍ ബാങ്കുകളുടെ പ്രധാന ദൗത്യം. ജനനസമയത്തും പിന്നീടും അസുഖം ബാധിക്കുന്ന കുട്ടികള്‍ക്കുളള കരുതല്‍ കൂടിയതാണു മുലപ്പാല്‍. ഇത്തരം അവസ്ഥയിലുളള കുട്ടികളെ ജീവിതത്തിലേക്കു മടക്കിയെത്തിക്കാന്‍ പാക്കറ്റില്‍ പൊതിഞ്ഞെത്തുന്ന മില്‍ക്ക് പൊടികള്‍ക്ക് പരിമിതികളുണ്ട്. കാരണം മുലപ്പാലിലുളള പോഷകഗുണങ്ങളുടെ ആയിരത്തില്‍ ഒരു ശതമാനം പോലും ഇത്തരം കൃത്രിക ഭക്ഷണങ്ങള്‍ക്കു നല്‍കാനാവില്ല എന്നു തന്നെ. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും പ്രസവത്തില്‍ അമ്മയെ നഷ്ടപ്പെട്ടവര്‍ക്കും ഇനി മുലപ്പാലിന്റെ ഊര്‍ജം പകരാന്‍ സാധിക്കുമെന്നതാണ് മുലപ്പാല്‍ ബാങ്കുകളുടെ നേട്ടം.
മാനദണ്ഡങ്ങള്‍ അനുശാസിക്കുന്ന പരിശോധന നടത്തി അസുഖങ്ങളൊന്നുമില്ല എന്നുറപ്പാക്കിയ അമ്മമാരില്‍ നിന്നുമാത്രമാണ് മുലപ്പാല്‍ ശേഖരിക്കുക. ഒരോ ഘട്ടത്തിലും ഗുണനിലവാരവും സുരക്ഷിതത്വവും ആവര്‍ത്തിച്ച് ഉറപ്പാക്കുന്നതിലൂടെ 100 ശതമാനം സൂരക്ഷിതത്വം ഉറപ്പു നല്‍ക്കുകയാണ് അധികൃതര്‍.