ബാരാപോള്‍ മിനി ജലവൈദ്യുതപദ്ധതിയില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ചതിനുശേഷമുള്ള വെള്ളം പുഴയിലേക്ക് വിടുന്നു.
ഇരിട്ടി:ഉരുൾപൊട്ടലും വെള്ളപ്പൊക്കവും വരുത്തിവെച്ച നാശത്തെ അതിജീവിച്ച് ബാരാപോൾ മിനി ജലവൈദ്യുതി പൂർണമായി പ്രവർത്തനം തുടങ്ങി. പദ്ധതിയുടെ അഞ്ച് മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളും പ്രവർത്തനം തുടങ്ങിയതോടെ ചുരുങ്ങിയ ദിവസംകൊണ്ട്, ലക്ഷ്യമിട്ടതിന്റെ പകുതിയോളം വൈദ്യുതി ഉത്പാദിപ്പിച്ചു.
തുലാവർഷം ലഭിച്ചതോടെ മൂന്ന് ജനറേറ്ററും 24 മണിക്കൂറും പ്രവർത്തിപ്പിച്ച് 18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ബാരാപോളിൽനിന്നുത്പാദിപ്പിച്ചത്. 36 ദശലക്ഷം യൂണിറ്റ് ശരാശരി ഉത്പാദനമാണ് പ്രതിവർഷം പ്രതീക്ഷിച്ചിരുന്നത്. ഇത്തവണ മികച്ച ഉത്പാദനം പ്രതീക്ഷിക്കുന്നതായി കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു.
രണ്ടുവർഷമായി പദ്ധതിയിൽ കാര്യമായ ഉത്പാദനമുണ്ടായിരുന്നില്ല. കഴിഞ്ഞവർഷം മാക്കൂട്ടം വനത്തിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് കനാൽ നിറഞ്ഞുകവിഞ്ഞൊഴുകി ജനറേറ്ററുൾപ്പെടെ തകരാറിലായി. മാസങ്ങൾക്കുശേഷം തകരാർ പരിഹരിച്ച് ഉത്പാദനമാരംഭിച്ചപ്പോൾ പുഴയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ് ഒരുജനറേറ്റർപോലും പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയുമായി.
ഇത്തവണയും സമാനാനുഭവമാണുണ്ടായത്. കനാലിലെ ചോർച്ചയും അമിതജലപ്രവാഹം മൂലമുണ്ടായ ജനറേറ്റർ തകരാറും കാരണം നാലുമാസമായി ഒരുയൂണിറ്റ് വൈദ്യുതിപോലും ഉത്പാദിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. വൈദ്യുതിമന്ത്രിയും കെ.എസ്.ഇ.ബി. ചീഫ് എൻജിനീയറുമുൾപ്പെടെ സ്ഥലത്തെത്തി പരിശോധിച്ചു. കനാലിലെ പ്രശ്നങ്ങളും യന്ത്രത്തകരാറും വിദഗ്ധസംഘത്തെ കൊണ്ടുവന്ന് പരിഹരിച്ചതോടെയാണ് ഉത്പാദനം പുനരാരംഭിക്കാനായത്.
മഴമാറിയതോടെ രണ്ട് ജനറേറ്റർ 24 മണിക്കൂറും പ്രവർത്തിപ്പിക്കാനുള്ള വെള്ളമേ ഇപ്പോൾ പുഴയിലുള്ളൂ. ഈമാസം അവസാനംവരെ ഇതേനില തുടരാൻകഴിയുമെന്നാണ് പ്രതീക്ഷ. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഒരുജനറേറ്ററും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞാൽ ലക്ഷ്യം നേടും. പദ്ധതി കമ്മിഷൻചെയ്ത് നാലുവർഷം കഴിഞ്ഞെങ്കിലും ഒരിക്കൽപ്പോലും ആറുമാസം ഉത്പാദനം നടത്താൻ കഴിഞ്ഞിരുന്നില്ല.